ദുബായ്: യു.എ.ഇ ജനത ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആ നിമിഷത്തിന് വേണ്ടി. ആറ് മാസത്തെ ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയിലേക്ക് തിരിച്ചെത്തിയ യുഎഇ ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദിയെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ് യു.എ.ഇ ഒന്നാകെ. അസുലഭ നേട്ടം രാജ്യത്തിന് സമ്മാനിച്ച സുല്‍ത്താന്‍ അല്‍ നെയാദിയെ സ്വീകരിക്കാന്‍ ഔദ്യോഗിക തലത്തില്‍ വന്‍ ഒരുക്കങ്ങളാണ് നടക്കുന്നത്. ഇപ്പോള്‍ യു.എസിലുള്ള അല്‍ നെയാദി ഈ മാസം സെപ്റ്റംബര്‍ 18-നാണ് മാതൃരാജ്യത്തേക്ക് മടങ്ങിയെത്തുന്നത്. യു.എ.യുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പേസ് സെന്ററാണ് സുല്‍ത്താന്‍ അല്‍ നെയാദിയടെ സ്വന്തം രാജ്യത്തേക്കുള്ള മടങ്ങിവരവ് ഔദ്യോഗികമായി പുറം ലോകത്തെ അറിയിച്ചത്.
ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി 2023 സെപ്റ്റംബര്‍ 4-ന് അമേരിക്കയിലെ ഫ്‌ലോറിഡയില്‍ ഇറങ്ങിയെങ്കിലും ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുന്നതടക്കമുള്ള ശാരീരിക വിഷയങ്ങളുമായി ബന്ധപ്പെട്ട് അല്‍ നെയാദി നിലവില്‍ മെഡിക്കല്‍ നിരീക്ഷണത്തിലാണ്. അതിനാലാണ് യു.എ.ഇ-യിലെത്താന്‍ രണ്ട് ആഴ്ച സമയം വേണ്ടി വന്നത്. ബഹിരാകാശ ദൗത്യത്തില്‍ നിരവധി റെക്കോര്‍ഡുകള്‍ കരസ്ഥമാക്കിയാണ് അല്‍ നെയാദിയുടെ ഭൂമിയിലേക്കുള്ള മടങ്ങി വരവെന്നതും ശ്രദ്ധേയമാണ്. ആറ് മാസത്തിലധികം കാലമാണ് അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ താമസിച്ചത്. ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് താമസിച്ച അറബ് വംശജന്‍ എന്ന ഖ്യാതിയും സുല്‍ത്താന്‍ അല്‍ നെയാദിക്ക് സ്വന്തമാണ്. ആറംഗ ദൗത്യ സംഘത്തിനൊപ്പം 2023 മാര്‍ച്ച് രണ്ടിനായിരുന്നു സുല്‍ത്താന്‍ അല്‍ നെയാദി ഭൂമിയില്‍ നിന്ന് ബഹിരാകാശത്തേയ്ക്ക് പുറപ്പെട്ടത്.