യു.എ.ഇ കീഴടക്കാന്‍ വരുന്നൂ ഐ-ഫോണ്‍ 15; ബുക്കിംഗിന് ഇന്നുതുടക്കം

Share

ദുബായ്: മൊബൈല്‍ ടെക്നോളജിയില്‍ പകരം വയ്ക്കാനില്ലാത്ത ലോകോത്തര ബ്രാന്റായ ആപ്പിളിന്റെ ഏറ്റവും പുതിയ സീരീസായ ഐ-ഫോണ്‍ 15-ന്റെ ബുക്കിംഗ് യു.എ.ഇ-യില്‍ ഇന്ന് 2023 സെപ്റ്റംബര്‍ 15-ന് വൈകുന്നേരം 4 മണി മുതല്‍ സ്വീകരിച്ചുതുടങ്ങും. ഐ ഫോണ്‍ 15, ഐ ഫോണ്‍ 15 പ്ലസ്, ഐ ഫോണ്‍ 15 പ്രോ, ഐ ഫോണ്‍ 15 പ്രോ മാക്‌സ് സീരീസില്‍പെട്ട ഫോണുകളുടെ ഓര്‍ഡറായിരിക്കും സ്വീകരിച്ചു തുടങ്ങുക. വ്യത്യസ്ത സീരീസുകള്‍ക്ക് 3,399 മുതല്‍ 6000 ദിര്‍ഹം വരെയായിരിക്കും പ്രതീക്ഷിക്കുന്ന റീട്ടെയില്‍ വില. ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ഈ മാസം 22 മുതല്‍ ഫോണുകള്‍ ലഭ്യമായിത്തുടങ്ങും. ആദ്യഘട്ടത്തില്‍ തന്നെ ഉപയോക്താക്കളുടെ ഭാഗത്തു നിന്നും വളരെ അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് പ്രാദേശിക വിപണിയിലുള്ള പ്രമുഖ മൊബൈല്‍ റീട്ടെയിലര്‍മാര്‍ പറഞ്ഞു.

വലിയ മാറ്റങ്ങളോടെ വരുന്ന പുതിയ സീരീസില്‍ ആപ്പിള്‍ യുഎസ്ബി ടൈപ് സി ചാര്‍ജിങ് പോര്‍ട്ടുകളായിരിക്കും ഉണ്ടാവുക. യൂറോപ്യന്‍ യൂണിയന്റെ കടുത്ത നിയന്ത്രണങ്ങളെ തുടര്‍ന്നാണ് ലൈറ്റ്‌നിങ് പോര്‍ട്ടുകള്‍ക്ക് പകരം ടൈപ് സി പോര്‍ട്ടുകള്‍ അവതരിപ്പിക്കുന്നത്. വേഗതയേറിയ പുതിയ ചിപ്സെറ്റ് A17 ഐ-ഫോണ്‍ 15-ന്റെ മറ്റൊരു പ്രത്യേകതയാണ്. സ്റ്റെയിന്‍ലസ് സ്റ്റീല്‍ ഭിത്തികള്‍ക്കു പകരം ടൈറ്റാനിയം ഉപയോഗിച്ചാകും ഐ-ഫോണ്‍ 15-ന്റെ അരികുകള്‍ നിര്‍മിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഐഫോണ്‍ വാച്ച് സീരീസ് 7-ല്‍ ലിപോ സാങ്കേതിക വിദ്യ ഉപയോഗിച്ചതുപോലെ ലോ ഇഞ്ചക്ഷന്‍ പ്രഷര്‍ ഓവര്‍ മോള്‍ഡിങ് അഥവാ ലിപോ എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഡിസ്‌പ്ലേ ആയിരിക്കും പുതിയ ബ്രാന്റിന്റെ പ്രത്യേകത. 2022 സെപ്തംബര്‍ ഏഴിന് പുറത്തിറങ്ങിയ 14 സീരീസ് ഫോണുകള്‍ ഇപ്പോഴും വിപണി കീഴടക്കി മുന്നേറുകയാണ്.