നിപ വ്യാപനം; സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം; ആശങ്ക വേണ്ടെന്ന് ആരോഗ്യ മന്ത്രി

Share

കോഴിക്കോട്: രണ്ട് പേര്‍ പനി ബാധിച്ച് മരിച്ച സംഭവം നിപ മൂലമാണെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളില്‍ ഐസൊലേഷന്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്നും മരിച്ചവരുമായും രോഗലക്ഷണങ്ങള്‍ ഉള്ളവരുമായും നേരിട്ട് സമ്പര്‍ക്കമുള്ളവരുടെ പട്ടിക തയാറാക്കാനും നിര്‍ദേശം നല്‍കിയെന്നും മന്ത്രി അറിയിച്ചു. മരിച്ചവരില്‍ ഒരാളുടെ ഒന്‍പതും നാലും വയസുള്ള കുട്ടികളുടെ നില ഗുരുതരമാണെന്നും ഇതില്‍ ഒന്‍പത് വയസുകാരന്‍ വെന്റിലേറ്ററിലാണെന്നും മരിച്ചയാളുടെ സഹോദരന്റെ പത്ത് മാസം പ്രായമുള്ള കുട്ടിക്കും രോഗലക്ഷണങ്ങള്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു. പുനെയില്‍ നിന്നുള്ള നിപ പരിശോധനാ ഫലം വൈകുന്നേരത്തോടെ ലഭിക്കും. ഫലം പോസീറ്റീവ് ആണെങ്കില്‍ സംസ്ഥാനത്ത് നിലവിലുള്ള നിപ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കും. കോഴിക്കോട് ജില്ലയിലെ ആരോഗ്യസംവിധാനങ്ങളോട് ഒരുങ്ങിയിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മുമ്പ് അസ്വാഭാവികമായ പനിമരണം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം നിപ ബാധമൂലം മരിച്ചുവെന്ന് സംശയിക്കുന്ന രണ്ടുപേരും തമ്മില്‍ സമ്പര്‍ക്കമുണ്ടായിരുന്നതായാണ് നിഗമനം. തിങ്കളാഴ്ച മരിച്ച വ്യക്തിക്ക് ഓഗസ്റ്റ് 30-ന് മരിച്ച മരുതോങ്കര സ്വദേശിയുമായി സമ്പര്‍ക്കമുണ്ടായിരുന്നതായാണ് വിലയിരുത്തല്‍. പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചെങ്കിലും പൂനെ വൈറോളജി ലാബിലെ പരിശോധനയ്ക്ക് ശേഷം മാത്രമെ മരണകാരണം നിപയാണെന്ന് ഉറപ്പിക്കുകയുള്ളു. സാമ്പിളുകള്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിനിടെ ആയഞ്ചേരി, മരുതോങ്കര ഭാഗങ്ങളില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 30-ന് പനി ബാധിച്ച് മരിച്ച വ്യക്തിയുടെ രണ്ട് മക്കള്‍ അടക്കം നാല് ബന്ധുക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു കുട്ടിയുടെ നില ഗുരുതരം. മരിച്ച വ്യക്തിയുടെ സഹോദരി ഭര്‍ത്താവും മകനുമാണ് ചികിത്സയിലുള്ള മറ്റുള്ളവര്‍. സ്വകാര്യ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയിലുള്ളത്. ഇതിനിടെ മരിച്ച രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവരെ ക്വാറന്റൈന്‍ ചെയ്തു.