ജി-20 ഉച്ചകോടിയ്ക്ക് ഡല്‍ഹിയില്‍ തുടക്കം; ലോകനേതാക്കളെ വരവേറ്റ് ഇന്ത്യ

Share

ഡല്‍ഹി: പതിനെട്ടാമത് ജി-20 ഉച്ചകോടിയ്ക്ക് ഡല്‍ഹിയില്‍ തുടക്കമായി. പ്രധാന വേദിയായ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തില്‍ ലോക നേതാക്കള്‍ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയടെ നേതൃത്വത്തില്‍ നേതാക്കള്‍ക്ക് ഊഷ്മളമായ സ്വീകരണം നല്‍കി. ലോക നേതാക്കളുടെയും പ്രത്യേക ക്ഷണിതാക്കളുടേയും വരവ് ഇപ്പോഴും തുടരുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ജപ്പാനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ തുടങ്ങി നിരവധി രാജ്യത്തലവന്‍മാര്‍ ഇന്നലെ തന്നെ ദില്ലിയില്‍ എത്തിച്ചേര്‍ന്നിരുന്നു. കൂടാതെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, യുഎന്‍ സെകട്ടറി ജനറല്‍ അന്റേണിയോ ഗുട്ടറസ്, ലോക ബാങ്ക് തലവന്‍ അജയ് ബാങ്ക്, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദ്നോം ഗബ്‌റേസിസ്, ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, സ്‌പെയിന്‍ ഉപരാഷ്ട്രപതി നാദിയ കാല്‍വിനോ, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായദ് അല്‍ നഹ്യാന്‍, ജര്‍മന്‍ ചാന്‍സലര്‍ ഉലാഫ് ഷോയല്‍സ്, ഇറ്റലി പ്രധാനമന്ത്രി ജോര്‍ജിയ മെലോനി, ബ്രസീല്‍ പ്രസിഡന്റ് ലുലാ ഡിസില്‍വ തുടങ്ങിയവരും ജി-20-യില്‍ പങ്കെടുക്കാന്‍ ദില്ലിയിലെത്തി. അതേസമയം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഒഡിഷയിലെ പുരിയിലുള്ള കൊണാര്‍ക്ക് സൂര്യക്ഷേത്രത്തിലെ പ്രസിദ്ധമായ കൊണാര്‍ക്ക് ചക്രത്തിന്റെ മാതൃകയ്ക്ക് മുന്നില്‍ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവരെ ഹസ്തദാനം നല്‍കി വരവേല്‍ക്കുന്നത്.

ഇന്ന് ഉദ്ഘാടത്തിന് ശേഷം ‘ഒരു ഭൂമി’ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിക്കും. നാളെ ഞായറാഴ്ച ലോകത്തിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയില്‍ ജി-20 രാജ്യങ്ങളുടെയും, ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെയും തലവന്മാര്‍, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികള്‍ അടക്കം 40 ഓളം പ്രമുഖര്‍ പങ്കെടുക്കും. വസുധൈവ കുടുംബകം എന്ന ഉച്ചകോടിയുടെ സന്ദേശം അടിസ്ഥാനമാക്കി, ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടക്കുന്നത്. മൂന്ന് സെഷനിലും പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിക്കും. ഇതിനിടെ നേതാക്കളുടെ ഉഭയകക്ഷി യോഗങ്ങളും നടക്കും. സമാപന ദിവസമായ നാളെ രാവിലെ ലോക നേതാക്കള്‍ ഗാന്ധി സമാധിയായ രാജ്ഘട്ട് സന്ദര്‍ശിക്കും. തുടര്‍ന്ന് ഭാരത് മണ്ഡപത്തില്‍ വൃക്ഷത്തൈ നടും.