ഇടുക്കി: ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കേരളത്തിലെ ഇടുക്കി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വാഗമണ്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. വാഗമണിലെ കോലാഹലമേട്ടില്‍ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം നാളെ ബുധനാഴ്ച ഉദ്ഘാടനം ചെയ്യുകയാണ്. സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്ന ചില്ലുപാലത്തിന് 40 മീറ്ററാണ് നീളം. സ്വകാര്യ പങ്കാളിത്തത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അഡ്വഞ്ചര്‍ പാര്‍ക്കില്‍ നിര്‍മിച്ച ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നാളെ ചെയ്യും. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗന്‍സിലിന്റെ (ഡിടിപിസി) നേതൃത്വത്തില്‍ തന്നെയാണ് നിര്‍മാണ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. ഒരേ സമയം 15 പേര്‍ക്ക് കയറാന്‍ സാധിക്കുന്ന തരത്തിലാണ് ചില്ലുപാലം രൂപകല്‍പന ചെയ്തിരിക്കുന്നത്. ഒരാല്‍ക്ക് പരമാവധി അഞ്ചുമുതല്‍ 10 മിനിറ്റുവരെയാണ് പ്രവേശന സമയം ലഭിക്കുക. 500 രൂപയാണ് ഫീസ് ഈടാക്കുക. പാര്‍ക്കില്‍ ആകാശ ഊഞ്ഞാല്‍, സ്‌കൈ റോളര്‍, സ്‌കൈ സൈക്ലിങ്, ഫ്രീഫാള്‍, ജൈന്റ് സ്വിങ്, റോക്കറ്റ് ഇജക്ടര്‍, സിപ് ലൈന്‍ തുടങ്ങിയവയും ക്രമീകരിച്ചിട്ടുണ്ട്. ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത്മാതാ വെഞ്ചേഴ്സും ചേര്‍ന്നാണ് ചില്ലുപാലം നിര്‍മിച്ചത്. നിര്‍മാണത്തിനാവശ്യമായ ഗ്ലാസ് എത്തിച്ചത് ജര്‍മനിയില്‍ നിന്നാണ്. മൂന്നുകോടി രൂപ ചെലവിട്ടാണ് 120 അടി നീളമുള്ള ചില്ലുപാലം നിര്‍മ്മിച്ചത്.