എന്‍ഡ് ഓഫ് സര്‍വീസ് നിക്ഷേപ പദ്ധതിയുമായി യു.എ.ഇ; ലക്ഷ്യം തൊഴിലാളികളുടെ സാമ്പത്തിക ഭദ്രത

Share

ദുബായ്: സാമ്പത്തിക ഭദ്രത ലക്ഷ്യമിട്ട്് ജീവനക്കാര്‍ക്ക് വിരമിക്കല്‍കാല ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനായി ഒരു നിക്ഷേപ പദ്ധതി ആവിഷ്‌കരിച്ച് യു.എ.ഇ. രാജ്യത്തെ സ്വകാര്യ മേഖലയിലെയും ഫ്രീ സോണുകളിലെയും ജീവനക്കാര്‍ക്ക് പ്രയോജനകരമാകുന്ന തരത്തിലാണ് പുതിയ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അദ്ധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായകമായ തീരുമാനമുണ്ടായത്. രാജ്യത്തെ മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയവുമായി ഏകോപിപ്പിച്ച് സെക്യൂരിറ്റീസ് ആന്‍ഡ് കമ്മോഡിറ്റീസ് അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ സേവിംഗ്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് രൂപീകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. ജീവനക്കാരുടെ സേവനാനന്തര ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനായി ഒന്നിലധികം ഓപ്ഷനുകളോടെ ഫണ്ടില്‍ നിക്ഷേപം നടത്താന്‍ അവസരമൊരുക്കും.

തൊഴിലാളികളുടെ സമ്പാദ്യശീലം വര്‍ധിപ്പിക്കുകയും അവരുടെ നിക്ഷേപം സുരക്ഷിതമാണെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. മാത്രമല്ല ഇതുവഴി തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പാക്കുകയും അവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ പ്രയോജനമാകുമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ഈ നിക്ഷേപ പദ്ധതിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പങ്കാളികളാകാന്‍ അവസരമൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ എന്‍ഡ് ഓഫ് സര്‍വീസ് നിക്ഷേപ പദ്ധതിയില്‍ ചേര്‍ന്ന് ഒരു വര്‍ഷമോ അതില്‍ കൂടുതലോ സേവനം ചെയ്ത ജീവനക്കാര്‍ക്ക് അവര്‍ വിരമിക്കുമ്പോള്‍ ഗ്രാറ്റുവിറ്റി ഉറപ്പാക്കും. കമ്പനികളില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് നിലവില്‍ ലഭിക്കുന്ന ഗ്രാറ്റുവിറ്റി പര്യാപ്തമല്ലെന്നും അധികൃതര്‍ വിലയിരുത്തി.