ഓണം വാരാഘോഷം സമാപിച്ചു; സാംസ്‌കാരിക ഘോഷയാത്രയില്‍ പങ്കെടുത്തത് ആയിരങ്ങള്‍

Share

തിരുവനന്തപുരം: തലസ്ഥാനനഗരയില്‍ തടിച്ചുകൂടിയ ആിരക്കണക്കിന് ജനങ്ങളെ സാക്ഷി നിര്‍ത്തി കഴിഞ്ഞ ഒരാഴ്ചയായി തുടര്‍ന്നു വന്ന ഇത്തവണത്തെ സര്‍ക്കാര്‍ ഓണാഘോഷ പരിപാടികള്‍ക്ക് സമാപനമായി. ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള സാംസ്‌കാരിക ഘോഷയാത്ര തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. സ്വദേശത്തെയും അന്യദേശത്തെയും മൂവായിരത്തോളം കലാകാരന്മാര്‍ ഘോഷയാത്രയുടെ ഭാഗമായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും ഫ്‌ളോട്ടുകളും കലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരന്നു.

കേരളത്തിന്റെയും വിവിധ ജില്ലകളിലേയും സാംസ്‌കാരിക തനിമയുടെ അടയാളമായി 60-ഓളം ഫ്‌ളോട്ടുകളാണ് ഇക്കൊല്ലം ഘോഷയാത്രയുടെ ഭാഗമായത്. തെയ്യം, കഥകളി, വേലകളി, പടയണി, പുലികളി, പൂക്കാവടി, അമ്മന്‍കുടം തുടങ്ങിയവ നിരവധി തനത് കലാരൂപങ്ങളും ഘോഷയാത്രക്ക് അകമ്പടിയേകി. ഘോഷയാത്രയുടെ ഭാഗമായി ഉച്ചയ്ക്ക് ശേഷം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് വിവിധ പ്രദേശങ്ങളിലേക്ക് പോകാന്‍ യാത്രാ സൗകര്യം സജ്ജാമാക്കിയിരുന്നു. ജനങ്ങള്‍ക്ക് വര്‍ണവിസ്മയ കാഴ്ചയൊരുക്കിയാണ് കഴിഞ്ഞ ഒരാഴ്ചയായി തലസ്ഥാനത്ത് തുടര്‍ന്നു വന്ന ഓണം വാരാഘോഷം സമാപനം കുറിച്ചത്.