പാലക്കാട്: കുളത്തില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മുങ്ങിമരിച്ചു. മണ്ണാര്‍ക്കാട് ഭീമനാട് പെരുങ്കുളത്തി്ല്‍ ഇന്ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സഹോദരിമാരായ റംഷീന (23), നാഷിദ (26), റിന്‍ഷി (18) എന്നിവരാണ് മരിച്ചത്. വസ്ത്രങ്ങള്‍ അലക്കുകയായിരുന്ന പിതാവിന്റെ കണ്‍മുന്നിലാണ് മൂന്ന് മക്കളും കാല്‍വഴുതി വീണ് കുളത്തിലേയ്ക്ക് മുങ്ങി താഴ്ന്നത്. ദുരന്തം നേരില്‍ കണ്ടതിന്റെ ഞെട്ടലില്‍ പ്രതികരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പിതാവ്. അതുകൊണ്ടുതന്നെ മൂന്നു സഹോദരിമാരേയും വെള്ളത്തില്‍ നിന്ന് പുറത്തെത്തിക്കാന്‍ ദീര്‍ഘസമയമെടുത്തു.
കുളിക്കാനിറങ്ങിയ സഹോദരിമാരില്‍ ഒരാള്‍ മുങ്ങിപ്പോയപ്പോള്‍ രക്ഷിക്കാന്‍ ഒപ്പമുണ്ടായിരുന്ന രണ്ടുപേരും ശ്രമിച്ചതാണ് ദുരന്തം ഇരട്ടിയാക്കിയത്. അതുവഴി പോയ അന്യസംസ്ഥാന തൊഴിലാളിയാണ് അപകട വിവരം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി മണ്ണാര്‍കാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മൂന്ന് പേരും മരണത്തിന് കീഴടങ്ങിയിരുന്നു. നാട്ടിന്‍പുറത്തെ ഉള്‍പ്രദേശത്ത് അരയേക്കറോളം വിസ്തൃതിയിലുള്ള ആഴമേറിയ കുളത്തിലാണ് ദുരന്തമുണ്ടായത്. മൂന്നുപേരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഇവരുടെ വീട് അപകടമുണ്ടായ കുളത്തിന് സമീപത്തു തന്നെയാണ്. മരിച്ച റിന്‍ഷി ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയും മറ്റ് രണ്ടുപേർ വിവാഹിതരുമാണ്. ഓണം അവധിക്കായി വീട്ടില്‍ എത്തിയതായിരുന്നു ഇവർ.