ദുബായ്: ഓണാഘോഷത്തിന്റെ ലഹരിയിലാണ് ലോകമെമ്പാടുമുള്ള മലയാളികള്‍. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ അതത് രാജ്യങ്ങളില്‍ താമസമാക്കിയ മലയാളി സമൂഹത്തിന് ഓണാശംസകള്‍ നേരുന്നത് സ്വാഭാവികമാണ്. എന്നാല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്തമായി ദുബായില്‍ നിന്നും നമുക്ക് ലഭിച്ചൊരു ഓണാശംസ ഇപ്പോള്‍ മലയാളി സമൂഹം ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ആരാധകവൃന്ദമുള്ള ദുബായുടെ കിരീടവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവുമായ ഷേയ്ക്ക് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഓണാശംസകള്‍ ഇപ്പോള്‍ വൈറലായി മാറിക്കഴിഞ്ഞു. വാഴയിലയില്‍ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യയുടെ ചിത്രമാണ് ഷേയ്ക്ക് ഹംദാന്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 15-ല്‍പ്പരം കറിക്കൂട്ടുകളും ചോറും പഴവും പപ്പടവും പായസവും അടക്കം 27 വിഭവങ്ങളടങ്ങിയ ഓണസദ്യയുടെ ചിത്രത്തോടൊപ്പം ഹാപ്പി ഓണം എന്ന ഹാഷ് ടാഗും നല്‍കിയാണ് ദുബായ് കിരീടവകാശി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അന്യദേശത്ത് നിന്നും മലയാളിക്ക് കിട്ടുന്ന ഏറ്റവും വിശിഷ്ടമായ ഓണസമ്മാനമാണിതെന്നാണ് മലയാളികള്‍ ഒന്നാകെ പോസ്റ്റിന് താഴെ പ്രതികരിക്കുന്നത്.
നമുക്കറിയാം ലോകത്ത് ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന ഒരിടമാണ് യു.എ.ഇ. മെച്ചപ്പെട്ട ജീവിതരീതി പോലെതന്നെ ഈ രാജ്യത്തെ ഭരണാധികാരികള്‍ നമുക്ക് നല്‍കുന്ന പരിഗണനയും അത്രത്തോളം വിലപ്പെട്ടതാണ്. ആഘോഷങ്ങളില്‍ മാത്രമല്ല നമ്മുടെ ദുരിതങ്ങളിലും യു.എ.ഇ എന്ന രാജ്യം സഹായഹസ്തവുമായി എത്രയോ തവണ നമുക്കരിലേക്ക് ഓടി എത്തിയിട്ടുണ്ട്. നമ്മുടെ ജീവിതം പ്രതിസന്ധിയിലാക്കിയ അടിക്കടിയുണ്ടായ പ്രകൃതി ദുരന്തങ്ങളിലും പകര്‍ച്ചവ്യാധികള്‍ പിടികൂടിയ ഘട്ടങ്ങളിലുമെല്ലാം ഒരു ഉത്തമ സുഹൃത്തിന്റെ ഹൃദയ വിശാലതയോടെ അന്നവും സമ്പത്തും മരുന്നുമെല്ലാം പകര്‍ന്നു നല്‍കിയവരാണ് യു.എ.ഇ ഭരണാധികാരികള്‍. ദുരന്തമുഖത്തു മാത്രമല്ല നമ്മുടെ സ്വകാര്യ ആഘോഷങ്ങളിലും അവര്‍ നമ്മളോടൊപ്പം പങ്കുചേരാറുണ്ട്. ദീപാവലിയിലും, ഹോളിയിലും, പൊങ്കലിലും, ഓണത്തിനും അങ്ങനെ ഇന്ത്യയുടെ പ്രാദേശിക ആഘോഷങ്ങളിലെല്ലാം അവര്‍ ആശംസകളുമായി അരികിലെത്തും. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലേയും മറ്റ് മേഖലകളിലേയും ഇന്ത്യയുടെ നേട്ടങ്ങളെ ഉള്‍ക്കൊള്ളാനും മനസറിഞ്ഞ് വിജയാശംസകള്‍ നേരാനും ഒരുപക്ഷേ മറ്റ് രാജ്യങ്ങളെക്കാള്‍ മുന്നിലാണ് യു.എ.ഇ എന്നതും ശ്രദ്ധേയമാണ്. ആ അംഗീകാരവും പരിഗണനയും അനുഭവിച്ചറിയാന്‍ നമ്മള്‍ ഒരു പ്രവാസിയായി യു.എ.ഇ-യില്‍ എത്തണം എന്ന നിര്‍ബന്ധമൊന്നുമില്ല..നാട്ടിലിരുന്നും ഈ സൗഹൃദത്തിന്റെ, കരുതലിന്റെ ഊഷ്മളത നമുക്ക് അനുഭവിച്ചറിയാന്‍ കഴിയും.. അതുകൊണ്ടാണ് ഇന്ത്യ നമ്മുടെ പെറ്റമ്മയെന്ന് പറയുമ്പോള്‍ യു.എ.ഇ നമ്മുടെ പോറ്റമ്മയെന്ന് നാം അഭിമാനത്തോടെ പറയുന്നത്.