ഡല്‍ഹി: ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിനെ ഉള്‍പ്പെടുത്തി ചൈന ഏറ്റവും പുതുതായി പ്രസിദ്ധീകരിച്ച ഭൂപടത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എം.പി-യുമായ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. അക്‌സായി ചിന്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രദേശങ്ങള്‍ ചൈനീസ് ഭൂപടത്തില്‍ സ്ഥാനം പിടിച്ചത് ഗൗരവമുള്ള വിഷയമാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. മുമ്പ് ലഡാക്ക് മേഖലയില്‍ ചൈന നടത്തിയ അധിനിവേശത്തെക്കുറിച്ച് താന്‍ പ്രതികരിച്ചപ്പോള്‍ ലഡാക്കിലെ ഒരിഞ്ച് ഭൂമി പോലും നഷ്ടമായിട്ടില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത് കള്ളമാണെന്നും ഇന്ത്യയുടെ ഭൂമി ചൈന തട്ടിയെടുത്തെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. നിലവില്‍ ചൈന പുറത്തുവിട്ട ഭൂപടം വളരെ ഗുരുതരമായ പ്രശ്‌നമാണെന്നും പ്രധാനമന്ത്രി ഇതിനെക്കുറിച്ച് പ്രതികരിക്കണമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ദക്ഷിണ ടിബറ്റ് എന്ന് ചൈന അവകാശപ്പെടുന്ന അരുണാചല്‍ പ്രദേശും കയ്യേറ്റത്തിലൂടെ നേടിയ അക്‌സായി ചിനും ഉള്‍പ്പെടുത്തി 2023 ആഗസ്റ്റ് 28-നാണ് ഇന്ത്യയെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ചൈന വിവാദമായ ഭൂപടം പുറത്തിറക്കിയത്. ചൈനയുടെ പ്രകൃതിവിഭവ മന്ത്രാലയമാണ് ഭൂപടം ഔദ്യോഗിക രേഖയായി പുറത്തിറക്കിയത്. വിവിധ രാജ്യങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന ദക്ഷിണ ചൈന കടലും പുതിയ ഭൂപടത്തില്‍ ചൈന ഉള്‍പ്പെടുത്തിയെന്നുള്ളതും ഗൗരവമേറിയ വിഷയമാണ്. ദക്ഷിണ ചൈനാ കടലുമായി ബന്ധപ്പെട്ട അവകാശവാദം സംബന്ധിച്ച് വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രൂണെ എന്നീ രാജ്യങ്ങള്‍ക്കിടയില്‍ കാതലായ തര്‍ക്കം നടക്കുന്നുണ്ട്. എന്തായാലും ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി-20 ഉച്ചകോടി ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന വേളയിലാണ് ചൈനയുടെ പ്രകോപനപരമായ നീക്കമെന്നതും ശ്രദ്ധേയമാണ്. അരുണാചല്‍ പ്രദേശ് എന്നും ഇന്ത്യയുടെ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചെങ്കിലും വിഷയത്തില്‍ ആധികാരികമായി പ്രതികരിക്കേണ്ട പ്രധാനമന്ത്രി ഇപ്പോഴും മൗനം തുടരുകയാണെന്ന ആക്ഷേപമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്.