ദുബായ്: അബുദബി ഇത്തിഹാദ് എയര്‍വേയ്‌സ് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു. വിദേശ ടൂറിസത്തിന്റെ ഭാഗമായുള്ള അവധിക്കാല ആഘോഷത്തോടനുബന്ധിച്ചാണ് ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 2023 സെപ്തംബര്‍ 10 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്കാണ് ഈ ഇളവ് ലഭിക്കുക. സെപ്റ്റംബര്‍ 11-നും 2024 മാര്‍ച്ച് 21-നും ഇടയിലുള്ള യാത്രകള്‍ക്കാണ് നിരക്കിളവോടെ ടിക്കറ്റ് ലഭിക്കുന്നത്. അബുദബിയില്‍ നിന്ന് ഒമാനിലേക്കുള്ള ഇക്കോണമി ക്ലാസില്‍ 895 ദിര്‍ഹം മുതല്‍ ഇളവോടെ ടിക്കറ്റ് ലഭിക്കും. ഇസ്താംബൂളിലേക്ക് 925 ദിര്‍ഹം, മനിലയിലേക്ക് 2,195 ദിര്‍ഹം, കാസബ്ലാങ്കയിലേക്ക് 2,495 ദിര്‍ഹം, ലണ്ടനിലേക്ക് 2,895 ദിര്‍ഹം, ആംസ്റ്റര്‍ഡാമിലേക്ക് 2,995 ദിര്‍ഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
കെയ്റോയിലേക്കുള്ള ബിസിനസ് ക്ലാസ് നിരക്ക് 6,395 ദിര്‍ഹം മുതല്‍ ആരംഭിക്കുമ്പോള്‍ ബാങ്കോക്കിലേക്ക് 12,295 ദിര്‍ഹമാണ് യാത്രാനിരക്ക്. സൂറിച്ചിലേക്ക് 14,495 ദിര്‍ഹവും ജനീവയിലേക്ക് 16,995 ദിര്‍ഹവും ചിക്കാഗോയിലേക്ക് 21,495, സിഡ്നിയിലേക്ക് 24,995 ദിര്‍ഹവുമാണ് ഇത്തിഹാദ് എയര്‍വേയ്‌സ് ഓഫര്‍ നിരക്കില്‍ നല്‍കുന്നത്. യാത്രക്കാര്‍ക്ക് മിതമായ നിരക്കില്‍ മികവുറ്റ യാത്ര ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടിക്കറ്റ് നിരക്കില്‍ ആകര്‍ഷകമായ ഇളവ് കൊണ്ടുവന്നതെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് ചീഫ് റവന്യൂ ഓഫീസര്‍ അരിക് ഡെ പറഞ്ഞു.