ഡല്‍ഹി: ഇന്ത്യയെ പ്രകോപിപ്പിച്ച് ചൈന. ചൈന കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഭൂപടത്തില്‍ ഇന്ത്യയുടെ സംസ്ഥാനമായ അരുണാചല്‍ പ്രദേശിനെ ഉള്‍പ്പെടുത്തിയതാണ് വിവാദമായിരിക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കാനിരിക്കുന്ന ജി-20 ഉച്ചകോടി ഡല്‍ഹിയില്‍ നടക്കാനിരിക്കെയാണ് ചൈന പ്രകോപനവുമായി രംഗത്തു വന്നിരിക്കുന്നത്. ചൈനയുടെ പുതിയ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഇന്ത്യയും നിലപാട് ശക്തമാക്കിയിട്ടുണ്ട്. അരുണാചല്‍ പ്രദേശ് എന്നും എപ്പോഴും ഇന്ത്യയുടെ ഭാഗമായി തന്നെ നിലനില്‍ക്കും എന്നാണ് ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചത്.
ഷെജിയാങ് പ്രവിശ്യയിലെ ഡെക്കിംഗ് കൗണ്ടിയില്‍ നടന്ന സര്‍വേയിംഗ് ആന്റ് മാപ്പിംഗ് പബ്ലിസിറ്റി ഡേയുടെയും നാഷണല്‍ മാപ്പിംഗ് അവയര്‍നസ് പബ്ലിസിറ്റി വാരത്തിന്റെയും ആഘോഷ വേളയിലാണ് ഭൂപടം പുറത്തിറക്കിയതെന്നാണ് ചൈനയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ദക്ഷിണ ചൈന കടലും പുതിയ ഭൂപടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രൂണെ എന്നീ രാജ്യങ്ങള്‍ക്ക് ദക്ഷിണ ചൈനാ കടല്‍ പ്രദേശങ്ങളില്‍ അവകാശവാദമുണ്ട്. ചൈനയുടെ പ്രകൃതിവിഭവ മന്ത്രാലയമാണ് വിവാദ ഭൂപടം പുറത്തിറക്കിയത്.
അതേസമയം പുതിയ മാപ്പ് ചൈന പ്രസിദ്ധികരിച്ചതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെ പ്രതിപക്ഷത്തെ പ്രമുഖ കക്ഷികള്‍ വിമര്‍ശിച്ചു. ചൈനയില്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താന്‍ പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് ശിവസേന ഉദ്ദവ് പക്ഷ നേതാവ് സഞ്ജയ് റാവത്ത് വെല്ലുവിളിച്ചു. ചൈന അരുണാചല്‍ പ്രദേശിലേക്ക് കടക്കാന്‍ ശ്രമിക്കുന്നു എന്നും ലഡാക്ക് അതിര്‍ത്തി ചൈന ലംഘിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞത് ഇപ്പോള്‍ ബോധ്യമായെന്ന് റാവത്ത് വ്യക്തമാക്കി. എന്നാൽ ഇതിനോട് കേന്ദ്ര സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ചൈനീസ് പ്രസിഡന്റ് ഷി-ജിന്‍പിങ് സെപ്തംബര്‍ എട്ടിന് ദില്ലിയിലെത്തുമെന്ന് കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഹ്രസ്വ ചര്‍ച്ച നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകും ദില്ലിയിലെത്തും ഒപ്പം യുഎഇ പ്രസിഡന്റ് അതിഥിയായി ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയെ അറിയിച്ചിട്ടുണ്ട്.