കന്നി ഓണം കെങ്കേമമാക്കി ഗൾഫ് ഐ 4 ന്യൂസ്; ആശംസകളുമായി അറബ് ലോകത്തെ വിശിഷ്ടാതിഥികൾ

Share

ദുബായ്:  ലോകത്തിന്റെ ഏതൊരു കോണില്‍ പോയാലും അവിടെയെല്ലാം ഒരു മലയാളിയുടെ സാനിധ്യമുണ്ടാകുമെന്നത് വെറുംവാക്കല്ല. അതുകൊണ്ടുതന്നെ മലയാളിയെയും നമ്മുടെ സംസ്‌കാരത്തെയും ലോകജനതയ്ക്ക് ഇഷ്ടമാണ്.. ബഹുമാനമാണ്. അതിന്റെ നേര്‍സാക്ഷ്യമായിരുന്നു ഗള്‍ഫ് ഐ 4 ന്യൂസിന്റെ ഓണസംഗമം 2023. മലയാളിയുടെ മതേതര സങ്കല്‍പങ്ങളും സാംസ്‌കാരിക തനിമയും ഗൃഹാതുര സ്മരണകളുമെല്ലാം ദുബായുടെ മണ്ണിലേക്ക് ആവാഹിച്ചെടുത്ത് ‘സദ്യസംഗീതം’ എന്ന പേരില്‍ ഒരു പകല്‍ മുഴുവന്‍ നിറഞ്ഞു നിന്ന ആഘോഷത്തിമിര്‍പ്പില്‍ ദേശഭാഷാ വ്യത്യാസമില്ലാതെ നൂറുകണക്കിന് പേര്‍ പങ്കാളികളായി. നമ്മളോടൊപ്പം പങ്കുചേരാന്‍ വിശിഷ്ടാതിഥിയായി എത്തിച്ചേര്‍ന്ന ഷെയ്ക് മജീദ് അല്‍ മുല്ല പ്രോട്ടോക്കോള്‍ സ്‌പെഷ്യല്‍ ഓഫീസര്‍ Mr മുഹമ്മദ് അസിം ധരണി ആഘോഷങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വേദിയെ സമ്പന്നമാക്കിയ രണ്ട് വനിതകള്‍ നബാദ് അല്‍ എമാറാത്ത് ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരായ ശ്രീമതി പര്‍വീന്‍ മഹമ്മൂദ്, ശ്രീമതി ഷെരീഫ അല്‍ ഷിദി എന്നിവര്‍ ഗള്‍ഫ് ഐ 4 ന്യൂസ് ഓണക്കൂട്ടായ്മക്ക് ആശംസകള്‍ നേര്‍ന്നു.

ആഘോഷങ്ങള്‍ക്ക് നിറം പകരാന്‍ നവമാധ്യമ സങ്കേതങ്ങളിലൂടെ ജനമനസുകള്‍ കീഴടക്കി മുന്നേറുന്ന അനീഷ നിശാന്ത്, ശ്രുതി തമ്പി, അഫീസ മുഹസ്, സുവൈവത്തുല്‍ അസ്ലമിയ, അസിമോള്‍, ജസില്‍ ജസി, പ്രീതി കൃഷ്ണന്‍ തുടങ്ങി നിരവധി പ്രതിഭകള്‍ ഓണാഘോഷത്തിന്റെ ഭാഗമായി. സദ്യസംഗീതം താരപ്രഭമയമാക്കിയ എല്ലാ അതിഥികളെയും ഗള്‍ഫ് ഐ 4 ന്യൂസിന്റെ സ്മരണിക നല്‍കി ആദരിച്ചു. ആഘോഷം വാനോളമുയരാന്‍ ഞങ്ങള്‍ക്ക് തുണയായി നിന്ന പ്രിയപ്പെട്ട സ്‌പോന്‍സര്‍മാരായ അക്ബര്‍ ഗ്രൂപ്പ്, ECH ഡിജിറ്റല്‍, അല്‍ ജസ എഡ്യൂക്കേഷണല്‍ ഗ്രൂപ്പ്, ഹെല്‍ത്തി ക്ലബ് ഹോട്ടല്‍ ശൃംഖല, TRI SQUARE trading LLC എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികളും ഒപ്പം ഷോയുടെ വിജയത്തിനായി എല്ലാ മാര്‍ഗ്ഗനിര്‍ദേശങ്ങളും നല്‍കി ഒപ്പം നിന്ന മുതിര്‍ന്ന മാധ്യമ-ജീവകാരുണ്യ പ്രവര്‍ത്തകന്‍ മുനീര്‍ പാണ്ട്യാല,  ഊളക്കാടന്‍ ജ്യോര്‍ജ് ചാക്കോ എന്നിവരും ആദരമേറ്റുവാങ്ങി. തുടര്‍ന്ന് ഗള്‍ഫ് ഐ 4 ന്യൂസ് ചെയര്‍മാന്‍ അഡ്വ: ജംഷാദ് കൈനിക്കര ആഘോഷ വേദിയെ അഭിവാദ്യം ചെയ്തു. ഗള്‍ഫ് ഐ 4 ന്യൂസിന്റെ നാഡീവ്യൂഹം പോലെ പ്രവര്‍ത്തിക്കുന്ന ഓരോ ചുമതലക്കാരെയും സദസിനെ സാക്ഷിനിര്‍ത്തി ചടങ്ങില്‍ പൊന്നാട നല്‍കി ആദരിച്ചു.

പിന്നെ ഓണശീലുകളുടെയും മാപ്പിളപ്പാട്ടിന്റെയും അകമ്പടിയില്‍ നൃത്തച്ചുവടുകളുമായി ഗള്‍ഫ് ഐ 4 ന്യൂസ് ടീമും അതിഥികളും ആഘോഷത്തെ ആസ്വാദനത്തിന്റെ പരകോടിയിലേക്കെത്തിച്ചു.  തുടക്കം മുതല്‍ ഒടുക്കം വരെ സദ്യസംഗീതത്തെ മെയ്യും മനസും കൊണ്ട് നിയന്ത്രിക്കാന്‍ ഇവന്റ് ഡയറക്ടര്‍ ആബിദ് പാണ്ട്യാലയും ക്രിയേറ്റീവ് സപ്പോര്‍ട്ടായി വി.ജി മിനീഷ്‌കുമാറും പരസ്പരം കൈകോര്‍ത്തു. ആഘോഷത്തിന്റെ ഓരോ സ്പന്ദനവും ഒപ്പിയെടുക്കാന്‍ വിശ്രമില്ലാത്ത ക്യാമറ സാന്നിധ്യമായി സുനില്‍ R നായര്‍, അഷ്‌റഫ് ബംബ്രാനി എന്നിവര്‍ ആഘോഷവേദിയിൽ നിറഞ്ഞു നിന്നു. ഒടുവിലാണ് ഒരു സസ്‌പെന്‍സ് ത്രില്ലര്‍ പോലെ, ഓണത്തിന്റെ ഏറ്റവും സ്‌പെഷ്യലായ വാഴയിലയില്‍ വിളമ്പിയ രൂചിക്കൂട്ടുകളുടെ സംഗമമായ ഓണസദ്യ. വിഭവസമൃദ്ധമായ ഓണസദ്യകഴിച്ച് വയറും മനവും നിറഞ്ഞ സന്തോഷത്തില്‍ പുതിയൊരു ഓണക്കാലത്തെ വരവേല്‍ക്കാം എന്ന പ്രത്യാശയോടെ എല്ലാവരും പരസ്പരം ആശംസകള്‍ പങ്കുവച്ച് ‘സദ്യസംഗീത’ത്തോട് താല്‍ക്കാലികമായി വിടചൊല്ലി.

ഗൾഫ് ഐ 4 ന്യൂസിനെ സ്നേഹിക്കുന്ന പ്രോത്സാഹിപ്പിക്കുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു…