ഷാജന്‍ സ്‌കറിയ അറസ്റ്റില്‍; നടപടി വ്യാജരേഖ നിർമ്മിച്ചെന്ന പരാതിയിൽ

Share

മലപ്പുറം: വ്യാജരേഖ കേസിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര പൊലീസാണ് ഷാജനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഎസ്എൻഎൽ ബിൽ വ്യാജമായി നിർമ്മിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ നിലമ്പൂർ സ്റ്റേഷനിൽ നിന്നും ചോദ്യം ചെയ്യൽ കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴാണ് ഷാജനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ദില്ലിയിൽ താമസിക്കുന്ന രാധാകൃഷ്ണൻ എന്നയാൾ മുഖ്യമന്ത്രിക്ക്  ഇ-മെയിൽ വഴി നൽകിയ പരാതിയിലാണ് പോലീസ് നടപടി എടുത്തിരിക്കുന്നത്.  തൃക്കാക്കര പൊലീസ് നിലമ്പൂരില്‍ എത്തിയാണ് ഷാജന്‍ സ്‌കറിയയെ നാടകീയമായി അറസ്റ്റ് ചെയ്തത്.

മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഷാജന്‍ സ്‌കറിയ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഇല്ലെങ്കില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതനുസരിച്ച് ഇന്ന് രാവിലെ നിലമ്പൂര്‍ എസ്എച്ച്ഒയ്ക്ക് മുന്നില്‍ ഹാജരായപ്പോഴാണ് തൃക്കാക്കര പൊലീസ് നിലമ്പൂരില്‍ എത്തി ഷാജനെ അറസ്റ്റ് ചെയ്തത്. ഈ മാസം 17-ന് ഹാജരാകാനായിരുന്നു ഷാജന്‍ സ്‌കറിയയോട് കോടതി നേരത്തെ ആവശ്യപ്പെട്ടത്. നിലമ്പൂര്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്‌കറിയ നല്‍കിയ പരാതിയിലായിരുന്നു ഷാജന്‍ സ്‌കറിയക്കെതിരെ പൊലീസ് കേസെടുത്തത്. കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ കോടതി നേരത്തെയും വിമര്‍ശിച്ചിരുന്നു. നിരുത്തരവാദപരമായ പെരുമാറ്റമാണ് ഷാജന്‍ സ്‌കറിയയുടേതെന്നായിരുന്നു കോടതിയുടെ വിമര്‍ശനം.

 അതേസമയം പോലീസ് ജീപ്പിലേക്ക് കയറുന്നതിനിടെ പിണറായിസം തുലയട്ടെയെന്ന് എന്ന  മുദ്രാവാക്യം വിളിച്ച് ഷാജൻ സ്‌കറിയ പ്രതിഷേധിച്ചു. ഇത് അന്യായമാണെന്നും കോടതിയിൽ നിന്ന് തനിക്ക് ജാമ്യം കിട്ടിയതാണെന്നും എന്നിട്ടും അറസ്റ്റ് ചെയ്യുന്നത് എന്തിനെന്നും ഷാജൻ ചോദിച്ചു.  പിണറായി വിജയന്റെ കാലത്തേ ഇങ്ങനൊക്കെ നടക്കൂവെന്നും അടിമകളായ പൊലീസുകാർ അവർ പാവങ്ങളാണെന്നും  ഇത് പിണറായിസത്തിനെതിരായ പോരാട്ടമാണെന്നും ആ പോരാട്ടം അവസാനം വരെ തുടരുമെന്നും ഷാജൻ സ്കറിയ പ്രതികരിച്ചു.