ദുബായ്: കണ്ടാല്‍ ഒന്നു തൊടാന്‍ ഒരു സവാരി നടത്താന്‍ ആരുമൊന്നു കൊതിച്ചു പോകും.. അത്രത്തോളം ആകര്‍ഷകമാണ് ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ യു.എ.ഇ-യില്‍ ലോഞ്ച് ചെയ്ത ടിവിഎസ് എക്സ് എന്ന സ്‌കൂട്ടര്‍. ഇരു ചക്രവാഹനങ്ങളിലെ ആഡംബരത്തിന്റെ മറുവാക്കെന്ന് വിശേഷിപ്പിക്കാവുന്ന അത്യുഗ്രന്‍ പെര്‍ഫോമന്‍സും കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനുമാണ് മറ്റ് ബൈക്കുകളില്‍ നിന്നും ഈ പുത്തന്‍ താരത്തെ വേറിട്ട് നിര്‍ത്തുന്നത്. പെട്രാള്‍ രാജ്യത്ത് സുലഭമായി കിട്ടുമെങ്കിലും നിലവില്‍ സാധ്യതകള്‍ മനസിലാക്കി ഇലക്ട്രിക് വെര്‍ഷനിലാണ് അംബരചുംബിയായ ബുര്‍ജ് ഖലീഫയെ സാക്ഷിയാക്കി ടിവിഎസ് എക്സിന്റെ ദുബായില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്വന്തമാക്കണമെങ്കില്‍ 11,120 യു.എ.ഇ ദിര്‍ഹം അതായത് ഏകദേശം 2,49,990 രൂപയാണ് വില നല്‍കേണ്ടത്. എന്നാല്‍ ആദ്യം ബുക്ക് ചെയ്യുന്ന 2,000 പേര്‍ക്ക് ചില ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ആ ആനുകൂല്യങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.. ഒറ്റ ചാര്‍ജില്‍ 140 കിലോമീറ്റര്‍ വരെ താണ്ടാന്‍ ശേഷിയുള്ള ബാറ്ററി കപ്പാസിറ്റിയും 105 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന യന്ത്രക്കരുത്തുമാണ് ഈ സ്‌കൂട്ടറിന്റെ സവിഷേഷത. വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചതായും 2023 നവംബര്‍ മുതല്‍ ഇന്ത്യയില്‍ വില്‍പന ആരംഭിക്കുമെന്നും ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ മറ്റ് നഗരങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാന്‍ ആലോചനയുണ്ടെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി അറിയിച്ചു. യുഎഇ വിപണിയില്‍ ഇവന്റെ സാന്നിധ്യത്തിനായി 2024 ഏപ്രില്‍ വരെ കാത്തിരിക്കണം.