എ.സി മൊയ്തീന് പണി കൊടുത്ത് ഇ.ഡി; 15 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Share

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇന്നലെ നടത്തിയ റെയിഡിന് പിന്നാലെ മുന്‍ മന്ത്രിയും സി.പി.എം നേതാവും നിലവില്‍ കുന്ദംകുളം എം.എല്‍.എ-യുമായ എ.സി മൊയ്തീനെതിരെ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. ഇതിന്റെ ഭാഗമായി 15 കോടി വിലമതിക്കുന്ന മുപ്പത്തിയാറ് ഇടങ്ങളിലുള്ള ഇവരുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടി. കോടികളുടെ ബിനാമി വായ്പയ്ക്ക് പിന്നില്‍ മൊയ്തീനാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. എ.സി മൊയ്തീന്റെ നിര്‍ദേശ പ്രകാരമാണ് ബാങ്കിന്റെ അംഗങ്ങളല്ലാത്തവര്‍ക്ക് ബിനാമി വായ്പകള്‍ പലതും അനുവദിച്ചതെന്നും അന്വേഷണ സംഘം വിശദമാക്കുന്നു. മൊയ്തീന്റെയും ഭാര്യയുടെയും ഇരുപത്തിയെട്ട് ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ടെന്ന് ഇ.ഡി അറിയിച്ചു. പാവപ്പെട്ടവരുടെ ഭൂമി അവരറിയാതെ പണയപ്പെടുത്തിയിട്ടുണ്ട്. സാമ്പത്തിക ക്രമക്കേടുകള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കള്‍ മുതല്‍ ജില്ലാതല നേതാക്കള്‍ വരെ കൂട്ടുനിന്നതായി ഇ.ഡി വ്യക്തമാക്കുന്നു.

കേസില്‍ എ.സി മൊയ്തീന്‍ അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം തുടരുകയാണെന്നും ഇ.ഡി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. പലര്‍ക്കും മതിയായ രേഖകളില്ലാതെയാണ് വായ്പയായി വലിയ തുകകള്‍ അനുവദിച്ചത്. ബാങ്ക് സാമ്പത്തികമായി തകര്‍ന്നതോടെ നിക്ഷേപം നടത്തിയവര്‍ പ്രതിസന്ധിയിലായി. ഇതിന്റെ പേരില്‍ ആത്മഹത്യകളടക്കം നടന്നുവെന്നും ഇഡി വ്യക്തമാക്കുന്നു. എ.സി മൊയ്തീന്റെയടക്കം ആറ് പേരുടെ വീടുകളില്‍ കഴിഞ്ഞ ദിവസം ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. എ.കെ ബിജോയ് എന്നയാളുടെ മുപ്പത് കോടി രൂപയുടെ സ്വത്ത് നേരത്തെ കണ്ടുകെട്ടിയിരുന്നു. 150 കോടിയോളം രൂപയുടെ ക്രമക്കേടുകള്‍ നടന്നതായി അന്വേഷണ ഏജന്‍സി സംശയിക്കുന്നു.