തിരുവന്തപുരം: നോര്‍ക്ക റൂട്ട്‌സ് സ്ഥാപനമായ തിരുവനന്തപുരം നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാഗ്വേജില്‍ (NIFL) ആരംഭിക്കുന്ന പുതിയ OET/ IELTS ബാച്ചുകളിലേക്ക് (ഓണ്‍ലൈന്‍/ഓഫ്ലൈന്‍ ) അപേക്ഷ ക്ഷണിച്ചു. നഴ്‌സുമാര്‍ ഉള്‍പ്പെടെയുളള ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 2023 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടക്കുന്ന യു.കെ, കാനഡ (ന്യൂഫോണ്ട്‌ലാന്റ്) കരിയര്‍ ഫെസ്റ്റുകള്‍ക്ക് മുന്നോടിയായാണ് പുതിയ ബാച്ച്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും.
തിരുവനന്തപുരം തൈയ്ക്കാട് മേട്ടുകടയില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ ഓഫ്ലൈന്‍ OET ക്ലാസുകളുടെ സമയം രാവിലെ 09 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചകഴിഞ്ഞുള്ള സെഷന്‍ 01 മണി മുതല്‍ മുതല്‍ 5.30 വരെയും ആയിരിക്കും. IELTS ഓഫ് ലൈന്‍ ബാച്ചുകളുടെ സമയം ഉച്ചകഴിഞ്ഞ് ഒരു മണിമുതല്‍ മൂന്നു മണിവരെയാണ്. കോഴ്സ് ദൈര്‍ഘ്യം 2 മാസമായിരിക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് ക്ലാസുകള്‍.
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നോര്‍ക്ക-റൂട്ട്‌സിന്റെയോ, എന്‍.ഐ.എഫ്.എല്ലിന്റെയോ വെബ്ബ്‌സൈറ്റുകളായ www.norkaroots.org, www.nifl.norkaroots.org സന്ദര്‍ശിച്ച് അപേക്ഷ നല്‍കാവുന്നതാണ്. ബി.പി.എല്‍, എസ് .സി ,എസ്. ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പഠനം പൂര്‍ണമായും സൗജന്യമായിരിക്കും. മറ്റ് എ.പി.എല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം ഫീസ് അടച്ചാല്‍ മതിയാകും.
യോഗ്യരായ അധ്യാപകര്‍, മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള അധ്യാപക- വിദ്യാര്‍ത്ഥി അനുപാതം, സൗണ്ട് പ്രൂഫ് ലാംഗ്വേജ് ലാബ്, എയര്‍ കണ്ടീഷന്‍ഡ് ക്ലാസ് മുറികള്‍ എന്നിവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.