തിരുവനന്തപുരം: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ കക്കാടം പൊയിലിലെ പിവിആര്‍ പാര്‍ക്ക് തുറക്കാന്‍ സര്‍ക്കാര്‍ അനുമതി. പാര്‍ക്ക് ഭാഗികമായി തുറക്കാനാണ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്. ആദ്യം കുട്ടികളുടെ പാര്‍ക്കും പുല്‍മേടും തുറന്ന് നല്‍കിയതിന് ശേഷം ഘട്ടംഘട്ടമായി പാര്‍ക്ക് മുഴുവനായി തുറക്കാനാണ് നീക്കം. നിയമ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് 2018-ലെ ഉരുള്‍ പൊട്ടലിനെത്തുടര്‍ന്നാണ് പാര്‍ക്ക് അടച്ചു പൂട്ടിയത്. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി പാര്‍ക്കിന്റെ നിര്‍മാണത്തില്‍ പിഴവുളളതായി അന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട രൂപരേഖകളും മറ്റ് തെളിവുകളും ലഭ്യമല്ലെന്നും കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് നിലനില്‍ക്കെയാണ് ദുരന്ത നിവാരണ അതോറിറ്റി പാര്‍ക്ക് ഭാഗകമായി തുറക്കാന്‍ ശിപാര്‍ശ ചെയ്തിരിക്കുന്ന്ത്. പാര്‍ക്ക് നിര്‍മാണവുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക പഠനം നടത്തുമെന്നും ദുരന്ത നിവാരണ അതോറിറ്റി പറയുന്നു.