കോട്ടയം: സെപ്റ്റംബര്‍ 5-ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പുതുപ്പള്ളി മണ്ഡലം ഉപവരണാധികാരിയുടെ ഓഫിസായ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലെത്തിയാണ് ചാണ്ടി ഉമ്മന്‍ പത്രിക സമര്‍പ്പിച്ചത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കാറില്‍ സഞ്ചരിക്കവെ കണ്ണൂരില്‍ വച്ച് കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി സിഒടി നസീറിന്റെ ഉമ്മയാണ് ചാണ്ടി ഉമ്മന് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള കെട്ടിവയ്ക്കല്‍ പണം നല്‍കിയത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് എ.ഡി.എഫ് നടത്തിവന്ന സമരത്തിന്റെ ഭാഗമായി 2013 ഒക്ടോബര്‍ 27-ന് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ വച്ചായിരുന്നു ഉമ്മന്‍ചാണ്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. ഈ കേസില്‍ നസീറിനെ കോടതി ശിക്ഷിച്ചെങ്കിലും തന്റെ നിരപരാധിത്വം ഉമ്മന്‍ചാണ്ടിക്ക് ബോധ്യമായിരുന്നുവെന്നാണ് നസീര്‍ പിന്നീട് പ്രതികരിച്ചത്. സംഭവത്തിനു ശേഷം ഉമ്മന്‍ ചാണ്ടിയുമായി നസീര്‍ അടുത്ത വ്യക്തിബന്ധം പുലര്‍ത്തിയിരുന്നു. സിപിഐഎം നേതാവായിരുന്ന സി.ഒ.ടി നസീര്‍ താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് ഉമ്മന്‍ചാണ്ടിയെ കണ്ട് മാപ്പ് ചോദിച്ചിരുന്നു. അതേസമയം സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് ഇന്നലെ പത്രിക സമര്‍പ്പിച്ചിരുന്നു.