തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടര്‍പട്ടിക പുതുക്കാന്‍ നിശ്ചയിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. കഴിഞ്ഞ ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചാണ് വോട്ടര്‍ പട്ടിക പുതുക്കുകയെന്ന് കമ്മീഷന്‍ അറിയിച്ചു. പുതുക്കിയ മാനദണ്ഡം അനുസരിച്ച്, ജനുവരി ഒന്നിനോ അതിനു മുന്‍പോ 18 വയസ് തികഞ്ഞവരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. പുതുക്കിയ വിവരങ്ങളുടെ കരട് പട്ടിക സെപ്റ്റംബര്‍ എട്ടിനും അന്തിമ പട്ടിക ഒക്ടോബര്‍ 16-നും പ്രസിദ്ധീകരിക്കും. പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും കോര്‍പറേഷനുകളിലെയും ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. നിലവിലുള്ള പട്ടിക സെപ്റ്റംബര്‍ ഒന്നിന് ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് ലഭ്യമാക്കും. പട്ടിക പരിശോധിച്ച ശേഷം സ്ഥലം മാറി പോയവരുടെയും മറ്റും പേരുകള്‍ രണ്ടിന് മുന്‍പ് തന്നെ ഒഴിവാക്കണം. മരിച്ചവരുടെ പേര് വിവരങ്ങളും ഏഴ് ദിവസത്തിനകം നീക്കം ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.