വിളയില്‍ ഫസീലയെ അനുസ്മരിച്ച് ദുബായ് സൗഹൃദ കൂട്ടായ്മ

Share

ദുബായ്: പാടിപ്പതിഞ്ഞ നൂറുകണക്കിന് പാട്ടുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച പ്രിയ ഗായിക വിളയില്‍ ഫസീലയെ ദുബായ് സൗഹൃദ കൂട്ടായ്മ അനുസ്മരിച്ചു. ചുട്ടുപൊളളുന്ന മരുഭൂമിയിലെ പ്രവാസി മനസ്സുകളെ മാപ്പിളപ്പാട്ടിന്റെ ഈരടികള്‍ കൊണ്ട് തണുപ്പിച്ച പാട്ടുകാരി എന്ന വിശേഷണത്തോടെയാണ് ദുബായിലെ കലാ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ വിളയില്‍ ഫസീലയെ അനുസ്മരിച്ചത്. ദുബായ് അല്‍ കിസൈസിലെ അറക്കല്‍ പാലസ് റസ്റ്റോറന്റില്‍ ജീവിതത്തിലെ നാനാ മേഖലകളിലുള്ള പ്രമുഖകരുടെ സാന്നിധ്യത്തിലായിരുന്നു അനുസ്മരണം. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ഡോ: ഇ.പി ജോണ്‍സന്റെ ആമുഖ പ്രസംഗത്തോടെയാണ് അനുസ്മരണ ചടങ്ങിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ദുബായ് ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദ് അലി, ബഷീര്‍ തിക്കോടി, ഖലീലുളള ചെമ്മനാട്, തെല്‍ഹത്ത് ഫോറം ഗ്രൂപ്പ്, സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ജയപ്രകാശ് പയ്യന്നൂര്‍, ഫനാസ് തലശ്ശരി, അഹമ്മദ്, പി.സിറാജ് എന്നിവര്‍ വിളയില്‍ ഫസീലയെ അനുസ്മരിച്ച് സംസാരിച്ചു. മാധ്യമ പ്രവര്‍ത്തകരായ ജലാല്‍ കൈരളി ടിവി, ഖാലിദ്.ടി എന്നിവര്‍ സംവദിച്ചു. യു.എ.ഇ യിലെ പ്രമുഖ എഴുത്തുകാരായ ഷൂക്കുര്‍ ഉടുമ്പുന്തല, ഒ.ബി.എം ഷാജി, സാംസ്‌കാരിക പ്രവര്‍ത്തകരായ ബഷീര്‍ ബെല്ലോ, ഫിറോസ് പയ്യോളി, അന്‍സാ കൊയിലാണ്ടി, ജാക്കി റഹ്‌മാന്‍ തുടങ്ങി നിരവധി പേര്‍ അനുസ്മരണ ചടങ്ങില്‍ സംബന്ധിച്ചു. വിളയില്‍ ഫസീല പാടി അവിസ്മരണീയമാക്കിയ നിരവധി പാട്ടുകള്‍ കോര്‍ത്തിണക്കി പ്രവാസി ഗായകരായ യൂസുഫ് കാരക്കാട്, ഹര്‍ഷാ ചന്ദ്രന്‍, സജീര്‍ വിലാദപുയരം, സമ്മദ് കൊമ്മേരി എന്നിവര്‍ സമര്‍പ്പിച്ച ഗാനാഞ്ജലിയും ശ്രദ്ധേയമായി. പരിപാടിയില്‍ ഷഫീല്‍ കണ്ണൂര്‍ സ്വാഗതവും, ഹക്കീം വാഴക്കയില്‍ നന്ദിയും പറഞ്ഞു.