ബംഗളൂരു: സൂര്യന്റെ നിഗൂഡതയെ കുറിച്ച് പഠിക്കാന്‍ ഇന്ത്യ. ഇതിന്റെ ഭാഗമായുള്ള ആദ്യ സൗരദൗത്യമായ ആദിത്യ എല്‍-1 ശ്രീഹരിക്കോട്ടയിലെ സ്പേസ് പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു. 2023 ഓഗസ്റ്റ് അവസാനമോ സെപ്തംബര്‍ ആദ്യമോ ആദിത്യ-എല്‍ ഒന്നിന്റെ വിക്ഷേപണം നടത്താനാണ് ഐ.എസ്.ആര്‍.ഒ പദ്ധതിയിടുന്നതെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു. ഈ വിവരം ഐ.എസ്.ആര്‍.ഒ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 400 കിലോ ഭാരമുള്ള ആദിത്യ ഉപഗ്രഹത്തില്‍ വിസിബിള്‍ എമിഷന്‍ ലൈന്‍ കൊറോണഗ്രാഫ് ഉള്‍പ്പെടെ ഏഴ് ഉപകരണങ്ങളാണുള്ളത്. ഭൂമിക്കും സൂര്യനും ഇടയിലുള്ള ലഗ്രാന്‍ജിയന്‍ പോയിന്റ് ഒന്നില്‍ സ്ഥിരമായി നിന്ന് സൂര്യനെ പഠിക്കുകയാണ് ആദിത്യ-എല്‍ ഒന്നിന്റെ ദൗത്യം.
കൊറോണല്‍ മാസ് ഇജക്ഷനുകളുടെ ചലനാത്മകതയും ഉത്ഭവവും ഉള്‍പ്പെടെയുള്ള സൂര്യന്റെ നിരവധി സവിശേഷതകള്‍ പഠിക്കുകയാണ് ലക്ഷ്യം. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വബലങ്ങള്‍ ആകര്‍ഷണവും വികര്‍ഷണവും സൃഷ്ടിക്കുന്ന മേഖലയാണ് ലഗ്രാന്‍ജിയന്‍ പോയിന്റ്. ഭൂമിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന പോലെ ഇവിടെ ബഹിരാകാശ പേടകങ്ങള്‍ക്ക് സ്ഥിരം സ്ഥാനത്ത് നിലയുറപ്പിക്കാം. ഇന്ധന ഉപയോഗം ഏറ്റവും കുറവായിരിക്കും. ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള എല്‍1 പോയിന്റില്‍ പാര്‍ക്ക് ചെയ്യുന്നതിനാലാണ് ആദിത്യ-എല്‍ 1 എന്ന പേര്. ഇവിടെ നിന്ന് ആദിത്യക്ക് സൂര്യനെ മുഴുവന്‍ സമയവും തടസങ്ങളില്ലാതെ കാണാനാകും.