സ്വാതന്ത്ര്യ ലഹരിയില്‍ ഇന്ത്യ; ദേശീയ പതാക മുഖച്ചിത്രമാക്കണമെന്ന് പ്രധാനമന്ത്രി

Share

ഡല്‍ഹി: നാളെ ആഗസ്റ്റ് 15, ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യ ദിനം. ആഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. 10,000-ത്തിലധികം പൊലീസുകാരെയാണ് രാജ്യ തലസ്ഥാനത്ത് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. ആഘോഷവേളകളില്‍ ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്. പ്രധാന ചടങ്ങുകള്‍ നടക്കുന്ന ചെങ്കോട്ടയില്‍ ഇന്നും വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്‌സലുകള്‍ നടക്കുകയാണ്. ഇന്ത്യ – പാക്കിസ്ഥാന്‍ വിഭജനത്തിന്റെ മുറിവുകളുടെ ഓര്‍മദിനമായി ആചരിക്കാന്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്നു വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. ഈ വര്‍ഷത്തെ വിവിധ പൊലീസ് മെഡലുകളും, സേനാ മെഡലുകളും രാഷ്ട്രപതി ഇന്ന് പ്രഖ്യാപിക്കും.

ആഘോഷങ്ങള്‍ക്കൊപ്പം താരമായി മാറുന്നത് ഇന്ത്യന്‍ ദേശീയ പതാകയാണ്. ഇതിനിടെ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ഇന്ത്യന്‍ പതാക സാമൂഹിക മാധ്യമങ്ങളിലെ മുഖചിത്രമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു. എല്ലാ സാമൂഹ മാധ്യമ അക്കൗണ്ടുകളിലും മുഖചിത്രം രാജ്യപതാകയാക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. ആഹ്വാനത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ അക്കൗണ്ടിലെ മുഖചിത്രവും മാറ്റിയിട്ടുണ്ട്. ദേശീയ പതാകയുടെ ചിത്രമാണ്പ്രധാനമന്ത്രി സ്വന്തം അക്കൗണ്ടുകളില്‍ മുഖചിത്രമാക്കിയിരിക്കുന്നത്.
ആന്ധ്ര സ്വദേശിയായ പിംഗലി വെങ്കയ്യ രൂപകല്‍പന ചെയ്ത് 1947 ജൂലൈ 22-ന് അംഗീകൃതമായ നമ്മുടെ ദേശീയ പതാക എങ്ങനെ എപ്രകാരം ഉപയോഗിക്കണമെന്ന് നമ്മളില്‍ പലര്‍ക്കും ഇപ്പോഴും അറിയില്ല. ഇന്ത്യയുടെ ദേശീയപതാക ഉപയോഗിക്കുന്നത് സംബന്ധിച്ച് ഇന്ത്യന്‍ പതാകനിയമം എന്നൊരു നിയമാവലി തന്നെയുണ്ട്. പതാക ഉയര്‍ത്തുന്നതിനും കെട്ടുന്ന രീതികള്‍ക്കു പോലും ഈ നിയമങ്ങള്‍ ബാധകമാണ്.

കോട്ടണ്‍, പോളിസ്റ്റര്‍, സില്‍ക്ക്, ഖാദി എന്നിവ ഉപയോഗിച്ച് കൈ കൊണ്ടുണ്ടാക്കിയതോ മെഷീന്‍ നിര്‍മിതമോ ആയ ദേശീയ പതാകയാണ് ഉപയോഗിക്കേണ്ടത്. ദീര്‍ഘ ചതുരാകൃതിയിലാകണം ദേശീയ പതാകയിടെ രൂപം. അതായത് നീളവും ഉയരവും 3:2 അനുപാതത്തിലായിരിക്കണം. മുകളില്‍ കുങ്കുമ നിറം, നടുക്ക് വെള്ള, താഴെ പച്ച. മധ്യ ഭാഗത്തുള്ള നാവികനീല നിറത്തില്‍ 24 ആരങ്ങളുള്ള അശോക ചക്രം. വെള്ള നാടയുടെ വീതിയുടെ മുക്കാല്‍ ഭാഗമാണ് അശോകചക്രത്തിന്റെ വ്യാസം. ദേശീയ പതാകയില്‍ കുങ്കുമ നിറം ധൈര്യത്തെയും ത്യാഗത്തെയും സൂചിപ്പിക്കുന്നു. വെള്ള സമാധാനത്തിന്റെയും സത്യത്തിന്റെയും നിറമായും പച്ച സമൃദ്ധിയെയും ഫലഭൂയിഷ്ടതയെയും സൂചിപ്പിക്കുന്നു. ആകര്‍ഷണവും ബഹുമാനവും ലഭിക്കത്തക്കവിധമാകണം പതാക സ്ഥാപിക്കേണ്ടത്. കേടുപാടുള്ളതോ അഴുക്കുള്ളതോ ആയ പതാക ഉപയോഗിക്കാന്‍ പാടില്ല. ഒരു കൊടിമരത്തില്‍ മറ്റു പതാകകള്‍ക്കൊപ്പം ദേശീയ പതാക ഉയര്‍ത്തരുത്.

വ്യക്തികള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ദേശീയ പതാക എല്ലാ ദിവസും ഉയര്‍ത്താന്‍ അവകാശമുണ്ട്. അതുപോലെ വിശേഷ അവസരങ്ങള്‍, ആഘോഷങ്ങള്‍ എന്നി വേളകളിലും പതാക ഉപയോഗിക്കാം. എന്നാല്‍ ദേശീയ പതാകയേക്കാള്‍ ഉയരത്തില്‍ മറ്റു പതാകകള്‍ സ്ഥാപിക്കുന്നത് കുറ്റകരമാണ്. ദേശീയ പതാകയുടെ അന്തസും ബഹുമാനവും നിലനിര്‍ത്തിയാകണം പതാക ഉയര്‍ത്തേണ്ടത്. ഇന്ത്യന്‍ ഫ്ളാഗ് കോഡ് സെക്ഷന്‍ 9-ന്റെ പാര്‍ട്ട് മൂന്നില്‍ പറഞ്ഞിരിക്കുന്നതു പ്രകാരമുള്ള വാഹനങ്ങളില്‍ ഒഴികെ മറ്റു വാഹനങ്ങളില്‍ ദേശീയ പതാക ഉപയോഗിക്കരുതെന്നും ഫ്ളാഗ് കോഡില്‍ പറയുന്നു. ദേശീയപതാകയുമായി ബന്ധപ്പെട്ട അനാദരവുകള്‍ക്ക് മൂന്നുവര്‍ഷം വരെയുള്ള തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്ന തരത്തിലാണ് പതാകയുമായി ബന്ധപ്പെട്ട ശിക്ഷാനിയമങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.