വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുന്നു; കരിപ്പൂർ എയർപോർട്ടും പട്ടികയിൽ

Share

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ക്കൊപ്പമാണ് കോവിക്കാട് കരിപ്പൂര്‍ വിമാനത്താവളവും സ്വകാര്യവത്കരിക്കുന്നതെന്ന് വ്യോമയാന സഹമന്ത്രി വികെ സിങ് രാജ്യസഭയില്‍ പറഞ്ഞു. രാജ്യസഭാംഗം ജെബി മേത്തറുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 2025-നുള്ളില്‍ കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം കണ്ണൂര്‍ വിമാനത്താവളം സ്വകാര്യവത്കരിക്കാന്‍ തല്‍ക്കാലം നീക്കമില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാരിന് 39.23 ശതമാനം ഓഹരിയുണ്ട്. വ്യക്തികളും സഹകരണ സ്ഥാപനങ്ങള്‍ക്കുമായി 35.33 ശതമാനം ഓഹരിയുമുണ്ട്. കേന്ദ്ര-സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് 25.44 ശതമാനം ഓഹരിയും കണ്ണൂര്‍ വിമാനത്താവളത്തിലുണ്ട്. നിലവിലുള്ളതില്‍ കൂടുതല്‍ സ്വകാര്യ വത്കരണത്തിന് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.