തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ്; യു.ഡി.എഫിന് നേട്ടം

Share

കൊച്ചി: കേരളത്തിലെ 17 തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടി യു.ഡി.എഫ്. 17 വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒന്‍പതിടത്ത് യുഡിഎഫും ഏഴിടത്ത് എല്‍ഡിഎഫും ജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. എറണാകുളത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന നാലില്‍ നാലിടത്തും യു.ഡി.എഫ് വിജയം നേടി. രണ്ട് സീറ്റ് എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് പിടിച്ചെടുത്തു. അതേസമയം ഉപതിരഞ്ഞെടുപ്പ് ഫലം ജില്ലയിലെ പഞ്ചായത്തുകളില്‍ ഭരണമാറ്റം ഉണ്ടാക്കില്ല.

പള്ളിപ്പുറം, ഏഴിക്കര പഞ്ചായത്തുകളിലാണ് എല്‍ ഡി എഫില്‍ നിന്ന് സീറ്റ് യു ഡി എഫ് പിടിച്ചെടുത്ത്. മൂക്കന്നൂര്‍, വടക്കേക്കര വാര്‍ഡ് സീറ്റ് യു ഡി എഫ് നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. എറണാകുളത്തെ ഏഴിക്കര പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണ് തിരഞ്ഞെടുപ്പ് നടന്നത്. അവിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ടി പി സോമനാണ് ജയിച്ചത്. 60 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. വടക്കേക്കര പഞ്ചായത്തിലെ 11-ാം വാര്‍ഡിലും യു ഡി എഫ് വിജയിച്ചു. നിഖിത ജോബിയാണ് വിജയിച്ചത്. വാര്‍ഡ് മെമ്പര്‍ ജോബി മരിച്ചതിനെത്തുടര്‍ന്ന് നടത്തിയ തിരഞ്ഞെടുപ്പിലാണ് സ്ഥാനാര്‍ത്ഥിയായ മകള്‍ വിജയിച്ചിരിക്കുന്നത്. 128 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ യു ഡി എഫിന് ലഭിച്ചത്. പള്ളിപ്പുറം പഞ്ചായത്തിലെ 10-ാം വാര്‍ഡിലും എല്‍ ഡി എഫ് സീറ്റ് യു ഡി എഫ് പിടിച്ചെടുത്തിട്ടുണ്ട്. അങ്കമാലി മൂക്കന്നൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി സിനി മാത്തച്ചനാണ് ജയിച്ചിരിക്കുന്നത്.

കൊല്ലം ജില്ലയില്‍ രണ്ട് വാര്‍ഡിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കൊല്ലം തെന്മല അഞ്ചാം വാര്‍ഡില്‍ സി പി എമ്മിന്റെ സ്ഥാനാര്‍ത്ഥി എസ് അനുപമയാണ് 34 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ചത്. 25 വര്‍ഷമായി യു ഡി എഫ് കൈയടക്കിവച്ചിരുന്ന വാര്‍ഡാണ് സി.പി.എം പിടിച്ചെടുത്തിരിക്കുന്നത്. അതേസമയം, ആദിച്ചനല്ലൂര്‍ പുഞ്ചിരിച്ചിറ വാര്‍ഡ് സിപിഎമ്മില്‍ നിന്ന് ബി ജെ പി പിടിച്ചെടുത്തു. മലപ്പുറം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നാല് വാര്‍ഡുകളിലും യു.ഡി.എഫ് ജയിച്ചു.