തിരുവനന്തപുരം: യൂട്യൂബ് സംപ്രേഷണത്തിലെ പരാതികള്‍ പരിശോധിക്കാനും വേണ്ടിവന്നാല്‍ അവ ബ്ലോക്ക് ചെയ്യുന്നതിനുമായി സംസ്ഥാന ഐ.ടി വകുപ്പ് സെക്രട്ടറിയെ നോഡല്‍ ഓഫീസറുടെ ചുമതല നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യൂട്യൂബ് വീഡിയോസിലെ നിയമലംഘനം ബോധ്യപ്പെട്ടാല്‍ അതിനെതിരെ നടപടി എടുക്കുന്നതിന് ഡെസിഗ്നേറ്റഡ് ഓഫീസര്‍ക്ക് ശുപാര്‍ശ നല്‍കാനുള്ള അവകാശം നോഡല്‍ ഓഫീസര്‍ എന്ന നിലയ്ക്ക് സംസ്ഥാന ഐ.ടി വകുപ്പ് സെക്രട്ടറിക്ക് അധികാരമുണ്ടായിരിക്കും. നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മാത്രമല്ല കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലും നോഡല്‍ ഓഫീസര്‍ക്ക് ഇത്തരത്തില്‍ ശിപാര്‍ശ നല്‍കാന്‍ അധികാരമുണ്ടായിരിക്കും.
രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശ രാജ്യങ്ങളുമായിട്ടുള്ള സൗഹൃദ ബന്ധം, ക്രമസമാധാനം, കോടതിയലക്ഷ്യം, മതസ്പര്‍ദ്ധ, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവയെ ബാധിക്കുന്ന തരത്തിലുള്ള വീഡിയോ ക്ലിപ്പുളള്‍ യൂട്യൂബ് പ്ലാറ്റ്‌ഫോമിലൂടെ സംപ്രേഷണം ചെയ്താല്‍ നടപടിയുണ്ടാകും. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍സ്-2021 പ്രകാരം ഇത്തരത്തിലുള്ള ക്ണ്ടന്റുകളെ നിരോധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന വിവരങ്ങള്‍ തടയുന്നതിനായി 2009-ലെ വിവര സാങ്കേതിക നിയമ പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഡെസിഗ്നേറ്റഡ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ ഓഫീസര്‍ക്കാണ് യൂട്യൂബുമായി ബന്ധപ്പെട്ട ്പരാതികളില്‍ നോഡല്‍ ഓഫീസര്‍ ശിപാര്‍ശ നല്‍കുക. വളരെ കാലിക പ്രാധാന്യമുള്ളതും ഗൗരവമുള്ളതുമായ വിഷയമാണിതെന്നും സമഗ്രമായ നിയമനിര്‍മാണത്തിന്റെ കാര്യം പ്രത്യേകം പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മറുനാടന്‍ മലയാളി അടക്കമുള്ള യൂട്യൂബ് ചാനലുകള്‍ പൂട്ടിക്കുമെന്ന് പരസ്യമായി വെല്ലുവിളി നടത്തുന്ന പി.വി അന്‍വറിന്റെ നിയമസഭയിലെ സബ്മിഷനും അതിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയും ഗൗരവമേറിയതാണെന്നാണ് വിലയിരുത്തല്‍.