ദുബായ്: ആഗോള ബോക്സ് ഓഫീസില്‍ ശതകോടികളുടെ നേട്ടവുമായി മുന്നേറുന്ന ബ്ലോക്ക്ബസ്റ്റര്‍ സിനിമ ‘ബാര്‍ബി’ യുഎഇ-യിലെ തിയേറ്ററുകളിലെത്തി. ജൂലൈ പകുതിയോടെ രാജ്യത്തെ തീയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ പ്രദര്‍ശനം വൈകുകയായിരുന്നു. എന്നാല്‍ 15 വയസ്സില്‍ താഴെയുള്ളവര്‍ക്ക് സിനിമ കാണാന്‍ അനുമതിയുണ്ടാകില്ലെന്ന് വോക്സ് സിനിമാസ് അറിയിച്ചിട്ടുണ്ട്. സിനിമയ്ക്ക് യുഎഇയില്‍ 15+ റേറ്റിംഗ് ആണ് ഉണ്ടായിരിക്കുക. മാള്‍ ഓഫ് ദി എമിറേറ്റിലെ വോക്‌സ് സിനിമാസ്, ദുബായ് മാളിലെ റീല്‍ സിനിമാസ്, ദുബായ് ഹില്‍സിലെ റോക്‌സി സിനിമാസ് തുടങ്ങിയ തീയേറ്ററുകളിലെല്ലാം പ്രൈം ടൈം ഷോകള്‍ക്കുള്ള മുഴുവന്‍ ടിക്കറ്റുകളും മുന്‍കൂറായി വിറ്റുപോയന്നൊണ് ലഭിക്കുന്ന വിവരം. യുഎഇയില്‍ സിനിമയുടെ റിലീസ് വൈകിയത് നിരവധി ആരാധകരെ സിനിമ കാണാന്‍ വിദേശത്തേക്ക് പോകാന്‍ പ്രേരിപ്പിച്ചിരുന്നു.
ഫെമിനിസം അടക്കമുള്ള കാലോചിതമായ നിരവധി വിഷയങ്ങളെ സ്പര്‍ശിച്ചു പോകുന്നതാണ് സിനിമയുടെ ഉള്ളടക്കം. പിങ്ക് ലോകത്ത് ജീവിക്കുന്ന ഒരു പാവയെയും അവളുടെ സുഹൃത്തുക്കളെയും കുറിച്ചുള്ള ബാര്‍ബി ചിത്രം ബോക്സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. 2023 ജൂലൈയില്‍ ചിത്രം റിലീസ് ചെയ്തതു മുതല്‍ ലോകമെമ്പാടുമുള്ള ബാര്‍ബി പാവകളുടെ വില്‍പ്പന വര്‍ധിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച ആരാധകര്‍ പാവയെക്കുറിച്ചുള്ള ഗൃഹാതുരമായ ഓര്‍മകളും അത് അവരുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനവും പങ്കിടുന്ന വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുഎഇയില്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള നിരവധി റെസ്റ്റോറന്റുകള്‍ അവരുടെ നിത്യേനയുള്ള മെനുകളില്‍ പിങ്ക് വിഭവങ്ങള്‍ അവതരിപ്പിക്കുന്നതും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ഓസ്‌കാര്‍ നോമിനേറ്റഡ് എഴുത്തുകാരിയും സംവിധായികയുമായ ഗ്രെറ്റ ഗെര്‍വിഗ് സംവിധാനം ചെയ്ത ചിത്രത്തില്‍ മാര്‍ഗോട്ട് റോബിയും റയാന്‍ ഗോസ്ലിംഗും ആണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.