കൊച്ചി: ചികില്‍സയും പ്രിയപ്പെട്ടവരുടെ പ്രാര്‍ത്ഥനയും ഫലിക്കാതെ ജനപ്രിയ കലാകാരന്‍ സിദ്ദിഖ് യാത്രയായി. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് സിദ്ദിഖ് വിടപറഞ്ഞത്. കരള്‍ രോഗബാധയെ തുടര്‍ന്ന് കുറേ നാളുകളായി സിദ്ധിഖ് ചികിത്സയിലായിരുന്നു. ഇതിനിടെയാണ് അവിചാരിതമായി ഹൃദയാഘാതം സംഭവിച്ചത്. സിദ്ദിഖിന്റെ ആരോഗ്യനിലയെ കുറിച്ച് കഴിഞ്ഞ ദിവസം തന്നെ ഡോക്ടര്‍മാര്‍ ആശങ്ക അറിയിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ എഗ്മോ സഹായത്തോടെയാണ് സിദ്ദിഖിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. വൈകുന്നേരത്തോടെ സിദ്ദിഖിനെ കാണാന്‍ പ്രിയ സുഹൃത്തുക്കളായ ലാല്‍, നടന്‍ സിദ്ദിഖ്, സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍, റഹ്‌മാന്‍, എം.ജി ശ്രീകുമാര്‍ തുടങ്ങി സിനിമാ രംഗത്തെ പ്രമുഖ വ്യക്തികള്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ഇതിനിടെ പ്രിയകലാകാരൻ മരിച്ചുവെന്ന തരത്തിൽ ഉച്ചമുതൽ തന്നെ ചില ഓൺലൈൻ മാധ്യമങ്ങളിലും റേഡിയോകളിലും നവമാധ്യമങ്ങളിലും അഭ്യൂഹം പരന്നിരുന്നു. ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത ഈ വാർത്ത പിന്നീട് ഇവർ പിൻവലിക്കുകയായിരുന്നു.
കലാമേഖലയില്‍ സിദ്ദിഖ് എന്ന പേര് സര്‍വ സാധാരണയാണെങ്കിലും സിദ്ദിഖ്-ലാല്‍ എന്ന വിളിപ്പേര് അപൂര്‍വമാണ്. ഒറ്റപ്പേരില്‍ അറിയപ്പെടുന്ന ഇരട്ട സംവിധായകന്‍മാര്‍ മലയാള സിനിമയില്‍ വേണ്ടുവോളമുണ്ട്. എന്നാല്‍ സിദ്ദിഖ്-ലാലിനോളം വരില്ല മറ്റൊരു സൗഹൃദവുമെന്ന് എത്രയോ തവണ നമ്മള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിട്ടുള്ള ഈ കൂട്ടുകെട്ട് പിന്നീട് വേര്‍പിരിഞ്ഞെങ്കിലും സിദ്ദിഖിനേയും ലാലിനെയും സിനിമാലോകം അടയാളപ്പെടുത്തുന്നത് ഈ സൗഹൃദത്തിന്റെ പേരിലാണ്. ലാല്‍ വെള്ളിത്തിരയുടെ മുന്നിലേക്ക് വന്നപ്പോള്‍ സിദ്ദിഖ് അണിയറയില്‍ തന്നെ നിലയുറപ്പിച്ചു. കലാമൂല്യങ്ങളില്‍ നിന്നും അണുകിട മാറാതെ സിനിമ എന്ന മാധ്യമത്തിലൂടെ നമ്മെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത എത്രയെത്ര മുഹൂര്‍ത്തങ്ങള്‍..തിയറ്ററില്‍ ആയാലും വീട്ടിലെ സ്വീകരണ മുറിയിലായാലും പ്രായഭേദമന്യേ കുടുംബസമേതം കണ്ടാസ്വദിക്കാന്‍ കഴിയുന്ന സിനിമകള്‍് മാത്രം നമുക്ക് സമ്മാനിച്ച അപൂര്‍വം സംവിധായകരില്‍ ഒരാളാണ് സിദ്ദിഖ്.
കൊച്ചിന്‍ കലാഭവനില്‍ മിമിക്രി അവതരിപ്പിച്ചു കൊണ്ടിരുന്ന കാലത്താണ് സംവിധായകന്‍ ഫാസില്‍ സിദ്ദിഖിനെ കണ്ടുമുട്ടുന്നതും ഒപ്പം കൂട്ടുന്നതും. ആ കൂട്ടുകെട്ടാണ് സംവിധായകന്‍ എന്ന നിലയില്‍ സിദ്ദിഖിന്റെ സിനിമാ ജീവിതം മാറ്റിമറിച്ചത്. കാലക്രമേണ സിനിമയുടെ സമസ്ത മേഖലകളിലും സിദ്ദിഖ് തന്റെ കൈയൊപ്പ് പതിപ്പിച്ചു. സംവിധായകന്‍, തിരക്കഥാകൃത്ത്, നടന്‍, നിര്‍മ്മാതാവ്, ഡിസ്ട്രിബ്യൂട്ടര്‍ അങ്ങനെ സിനിമയില്‍ സിദ്ദിഖിന്റെ ദൗത്യം വ്യത്യസ്തമായിരുന്നു. ഒരു തിരക്കഥാകൃത്ത് എന്ന നിലയില്‍ 1986-ല്‍ പുറത്തിറങ്ങിയ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും ലാലിനോടൊപ്പം ചേര്‍ന്ന് 1989-ല്‍ റിലീസ് ചെയ്ത റാംജി റാവ് സ്പീക്കിംഗ് എന്ന ചിത്രമാണ് മലയാള സിനിമയില്‍ സിദ്ദിഖിന് 4 പതിറ്റാണ്ടുകള്‍ നീണ്ട ഇരിപ്പിടം ലഭിച്ചത്. പിന്നീട,് മലയാള സിനിമ ഇന്നേവരെ കാണാത്ത ചിരി അമിട്ടുകള്‍ പൊട്ടിച്ച എത്രയോ സിനിമകള്‍ തീയേറ്ററുകളെ ഇളക്കിമറിച്ചു. ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, മക്കള്‍ മാഹാത്മ്യം, കാബൂളിവാല, മാന്നാര്‍ മത്തായി സ്പീക്കിംഗ്, ഹിറ്റ്ലര്‍, ക്രോണിക് ബാച്ചിലര്‍, ബോഡിഗാര്‍ഡ് അങ്ങനെ എത്രയെത്ര തട്ടുപൊളിപ്പന്‍ സിനിമകള്‍ സിദ്ദിഖിന്റെ സംവിധാന മേല്‍വിലാസത്തിലുണ്ട്.
മലയാളത്തിലെ സ്വന്തം ചിത്രങ്ങളില്‍ ചിലത് തമിഴിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്ത സിദ്ദിഖ് ദേശീയ തലത്തിലും കൈയടി നേടി. ഇതിനോടകം സംവിധാന വഴിയില്‍ എത്രയോ അംഗീകാരങ്ങളും സിദ്ദിഖിനെ തേടിയെത്തി. ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും സുപരിചിതനായിരുന്നു സിദ്ദിഖ്.. മനോരമയിലും ഏഷ്യാനെറ്റിലുമടക്കം നിരവധി ചാനലുകളില്‍ ഹാസ്യ-സംഗീത പരിപാടികളുടെ വിധികര്‍ത്താവായും സിദ്ദിഖിനെ മലയാളികള്‍ കണ്ടു..സിനിമയിലെ എല്ലാ സൗഭാഗ്യങ്ങളും വേണ്ടുവോളം ആസ്വദിച്ചുവെങ്കിലും ജീവിതവഴിയിലെ ഈ പാതിമടക്കം സിദ്ദിഖിന്റെ കുടുംബത്തെ മാത്രമല്ല ആ കലാകാരനെ മനസറിഞ്ഞ് സ്‌നേഹിച്ച എല്ലാ പ്രിയപ്പെട്ടവരുടെയും നെഞ്ചകങ്ങളില്‍ സങ്കടക്കടലായി മാറുകയാണ്..സിദ്ദിഖിന്റെ അകാലവേര്‍പാടില്‍ Gulf Eye 4 News-ന്റെ ഹൃദയാഞ്ജലി….