കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിഞ്ഞുകിടക്കുന്ന പുതുപ്പള്ളി നിയമസഭാ സീറ്റിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 2023 സെപ്തംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ് നടക്കുന്നത്. സെപ്തംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. കേരളത്തില്‍ പുതുപ്പള്ളി ഉള്‍പ്പെടെ ഇന്ത്യയിലെ ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ് 17 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. ആഗസ്റ്റ് 18-ന് നാമനിര്‍ദ്ദേശ പത്രികയുടെ സൂഷ്മ പരിശോധന നടക്കും. ആഗസ്റ്റ് 21-നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി.
53 വര്‍ഷക്കാലം ഉമ്മന്‍ചാണ്ടിയിലൂടെ കോൺഗ്രസ് കുത്തകയാക്കി വച്ചിരുന്ന മണ്ഡലമാണ് പുതുപ്പള്ളി. 1970 മുതല്‍ 12 തവണ ഉമ്മന്‍ചാണ്ടി തുടര്‍ച്ചയായി പുതുപ്പള്ളിയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. അവസാനമായി നടന്ന 2021-ലെ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി ജെയ്ക് സി തോമസാണ് ഉമ്മൻ ചാണ്ടിയോട് ഏറ്റുമുട്ടിയത്. ആ തെരഞ്ഞടുപ്പിൽ 9,044 വോട്ടിനാണ് ഉമ്മന്‍ചാണ്ടി വിജയിച്ചത്. 2016-ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2022-ൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാൻ ജെയ്കിന് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഈ ഉപതെരഞ്ഞെടുപ്പിൽ ജയ്ക് സി തോമസിനെ വീണ്ടും പരീക്ഷിക്കാനായിരിക്കും സി.പി.എം തീരുമാനം.
അതേസമയം ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാകും കോൺഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന് കെ.പി.സി.സി-യിൽ അപ്രഖ്യാപിത ധാരണ നിലനിൽക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ തന്നെയായിരിക്കും ജയ്ക്കിനെതിരെ കളത്തിലിറങ്ങുക. രാഷ്ട്രീയത്തിലേക്കില്ലെന്ന് മുമ്പ് സജീവമായി രാഷ്ട്രീയത്തിലുണ്ടായിരുന്ന ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ വേർപാടിലുള്ള സഹതാപ തരംഗവും ഉമ്മൻ ചാണ്ടിയോടുള്ള നാട്ടുകാരുടെ അടുപ്പവും ഉപതെരഞ്ഞെടുപ്പിൽ കൂടുതൽ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് വിശ്വാസം.