ദുബായ്: യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള വ്യാപാര ശൃംഖലയായ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ രാജ്യത്തുടനീളം 50 സിനിമാശാലകള്‍ തുറക്കുന്നു. ഇതിന്റെ ഭാഗമായി ലുലുവിന്റെ ഷോപ്പിംഗ് മാള്‍ വികസന മാനേജ്‌മെന്റ് വിഭാഗമായ ലൈന്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് പ്രോപ്പര്‍ട്ടി സ്റ്റാര്‍ സിനിമാസുമായി കരാറില്‍ ഒപ്പിട്ടു. തീയേറ്ററുകള്‍ തുറക്കുന്നതിലൂടെ വരും ദിവങ്ങളില്‍ നൂറുകണക്കിന് ജീവനക്കാരെ നിയമിക്കാന്‍ പദ്ധതിയിടുന്നതായി ലുലു ഗ്രൂപ്പ് അറിയിച്ചു. അറബി, ഹിന്ദി, ഇംഗ്ലീഷ്, മലയാളം തുടങ്ങി ഇതര ഭാഷകളിലെ സിനിമകള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. നിലവില്‍ ലുലുവിന് മാളുകള്‍ കേന്ദ്രീകരിച്ച് സിനിമാ തിയേറ്ററുകളുണ്ടെങ്കിലും എല്ലാ ഭാഷകളിലുമുള്ള സിനിമകള്‍ ഗള്‍ഫ് മേഖലയിലേക്ക് കൊണ്ടുവരുന്ന സ്റ്റാര്‍ സിനിമാസുമായുള്ള പങ്കാളിത്തം വിപുലീകരിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷ്‌റഫ് അലി പറഞ്ഞു.
സ്റ്റാര്‍ സിനിമാസുമായി കൈകോര്‍ക്കാന്‍ കിട്ടിയ നല്ല അവസരമാണിതെന്നും കരാര്‍ ഒപ്പുവച്ച ശേഷം എം.എ അഷ്‌റഫ് അലി പ്രതികരിച്ചു. 50-ലധികം സിനിമാശാലകളുടെ നടത്തിപ്പിനായി 1,500-ഓളം ജീവനക്കാരെ ആവശ്യമാണെന്നും എം.എ അഷ്‌റഫ് അലി അറിയിച്ചു. ഓരോ തീയേറ്ററിനും 25 മുതല്‍ 30 ജീവനക്കാരെ വരെ റിക്രൂട്ട് ചെയ്യാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കരാര്‍ പ്രകാരം 2023 സെപ്റ്റംബറില്‍ അല്‍ റഹ മാളില്‍ 3 സ്‌ക്രീനുകളും അല്‍ വാഹ്ദ മാളില്‍ 9 സ്‌ക്രീനുകളും അല്‍ ഫോഹ് മാളില്‍ 6 സ്‌ക്രീനുകളും ബരാരി ഔട്ട്ലെറ്റ് മാളില്‍ 4 സ്‌ക്രീനുകളും തുറക്കാനാണ് പദ്ധതി. ദുബായ് സിലിക്കണ്‍ ഒയാസിസ് മാള്‍, ഷാര്‍ജ സെന്‍ട്രല്‍ മാള്‍, റാസല്‍ഖൈമയിലെ ആര്‍.എ.കെ മാള്‍ എന്നിവിടങ്ങളിലും കരാര്‍ പ്രകാരം പുതിയ തീയേറ്ററുകള്‍ തുറക്കുെമ്മനും ഫാര്‍സ് ഫിലിം ആന്‍ഡ് സ്റ്റാര്‍സ് സിനിമയുടെ സ്ഥാപകനും ചെയര്‍മാനുമായ അഹമ്മദ് ഗോള്‍ചിന്‍ പറഞ്ഞു.