റിയാദ്: ഹജ്ജ് സേവന കമ്പനികള്‍ക്കുള്ള നിയമാവലി ഭേദഗതി ചെയ്യുമെന്ന് ഒരുങ്ങി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. ഇതിന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന ഹജ്ജ് സേവന കമ്പനികള്‍ക്കുള്ള പുതുക്കിയ നിയമാവലിയുടെ കരട് രൂപം പുറത്തിറക്കി. സ്വദേശത്തെയും വിദേശത്തെയും തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ ഹജ്ജ് സേവന ദാതാക്കള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയമാവലി പരിഷ്‌കരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 90 ദിവസങ്ങള്‍ക്കു ശേഷമായിരിക്കും നിയമം പ്രാബല്യത്തില്‍ വരുന്നത്. സ്വദേശികള്‍ക്കും വിദേശികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും ബാധകമായ നിയമങ്ങളായതുകൊണ്ടു തന്നെ കരട് നിയമത്തെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇസ്തിത്ലാ പ്ലാറ്റ്ഫോം വഴി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാമെന്നും ഇതു കൂടി പരിഗണിച്ചാണ് നിയമം തയ്യാറാക്കുകയെന്നും മന്ത്രാലയം അറിയിച്ചു.
ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ അംഗീകൃത സര്‍ട്ടിഫിക്കറ്റില്ലാതെ ഹജ്ജ് സേവനം നടത്തിയാല്‍ സ്ഥാപനങ്ങള്‍ക്ക് അഞ്ച് ലക്ഷം റിയാല്‍ പിഴ ചുമത്താന്‍ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. സമാനമായ കുറ്റം ആവര്‍ത്തിച്ചാല്‍ പിഴത്തുക ഇരട്ടിയാവുകയും വിദേശ പൗരനാണെങ്കില്‍ നാടുകടത്തുകയും ചെയ്യും. നിയമം ലംഘിച്ച കമ്പനിയെ കുറിച്ച് പൊതുജനങ്ങളെ അറിയിക്കാന്‍ നിയമലംഘകരില്‍ നിന്ന് ചെലവ് ഈടാക്കി മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കും. തീര്‍ത്ഥാടകര്‍ക്ക് മന്ത്രാലയം നിഷ്‌കര്‍ഷിച്ച പ്രകാരമുള്ള സേവനങ്ങള്‍ കമ്പനികള്‍ ഉറപ്പാക്കണമെന്ന് കരട് നിയമത്തില്‍ പറയുന്നു. ഇതില്‍ വീഴ്ചയുണ്ടായാല്‍ തീര്‍ഥാടകര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സേവന ദാതാവ് ബാധ്യസ്ഥരായിരിക്കും. കമ്പനികള്‍ ബാധ്യതകള്‍ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നതിനും അവരുടെ പ്രകടനം നിരീക്ഷിക്കുന്നതിനും മന്ത്രാലയത്തിന് ഉത്തരവാദിത്തമുണ്ട്. ഹജ്ജ് കമ്പനികളുടെ ഭാഗത്തു നിന്നും വീഴ്ച സംഭവിച്ചാല്‍ പിഴ ചുമത്തുന്നതിനു പുറമേ നിശ്ചിത കാലത്തേക്ക് സേവനം മരവിപ്പിക്കുകയോ കമ്പനിയുടെ ഗ്രേഡ് കുറയ്ക്കുകയോ ലൈസന്‍സ് റദ്ദാക്കുകയോ ചെയ്യാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.