മണിപ്പൂരില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍; അന്വേഷണത്തിനായി ജുഡീഷ്യല്‍ ഉന്നതതല സമിതി

Share

ഡല്‍ഹി: ആളിപ്പടരുന്ന മണിപ്പുര്‍ കലാപത്തിന് ആശ്വാസമായി സുപ്രീം കോടതിയുടെ ഇടപെടല്‍. നിലവിലെ സാഹചര്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഉന്നതതല സമിതിയെ നിയോഗിച്ചു. അന്വേഷണ മേല്‍നോട്ടത്തിനുള്‍പ്പെടെ മൂന്ന് മുന്‍ ഹൈക്കോടതി ജഡ്ജിമാരെയാണ് സമിതിയില്‍ നിയമിച്ചിരിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, പുനരധിവാസം, നഷ്ടപരിഹാരം, കലാപകലുഷിത മണിപ്പുരിന്റെ മുറിവുണക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ സമിതി നിരീക്ഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജസ്റ്റീസ് ഗീത മിത്തലാണ് സമിതി അധ്യക്ഷ. മലയാളിയായ ജസ്റ്റീസ് ആശാ മേനോന്‍, ജസ്റ്റീസ് ശാലിനി ജോഷി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ജമ്മുകാഷ്മീര്‍ ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റീസാണ് ഗീത മിത്തല്‍. മുന്‍ ബോംബെ ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റീസ് ശാലിനി ജോഷി. മലയാളിയായ ജസ്റ്റീസ് ആശാ മേനോന്‍ ഡല്‍ഹി ഹൈക്കോടതി റിട്ട. ജഡ്ജിയാണ്.

കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണം നിരീക്ഷിക്കാന്‍ മുതിര്‍ന്ന മഹാരാഷ്ട്ര കേഡര്‍ ഐപിഎസ് ഓഫീസര്‍ ദത്താത്രേയ് പദ്‌സാല്‍ഗിക്കറെ നിയമിക്കുമെന്നും സുപ്രീം കോടതി സൂചിപ്പിച്ചു. മേയ് മാസം മുതല്‍ ജൂലൈ വരെ മണിപ്പുരില്‍ കലാപവുമായി ബന്ധപ്പെട്ട് 6,500 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസുകള്‍ അന്വേഷിക്കാന്‍ 42 പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിക്കുമെന്ന് മണിപ്പുര്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ അന്വേഷണ സംഘങ്ങളെ ആറായി തിരിച്ച് ഇവയെ നിരീക്ഷിക്കാന്‍ മറ്റ് സംസ്ഥാനങ്ങളിലെ ആറ് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിയമിക്കാന്‍ അതാത് സംസ്ഥാനങ്ങളിലെ ഡിജിപിമാര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും സുപ്രീം കോടതി അറിയിച്ചു. അതേസമയം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ 11 കേസുകള്‍ സിബിഐക്ക് കൈമാറുമെന്ന് കോടതി പറഞ്ഞു.