ദുബായ്: വിസ ചട്ടങ്ങളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തി യു.എ.ഇ. ഇതിന്റെ ഭാഗമായി വിസ കാലാവധിക്കു ശേഷം രാജ്യത്ത് തങ്ങുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴകള്‍ ഏകീകരിക്കുന്നത് ഉള്‍പ്പെടെയുള്ള ഇളവുകളാണ് യു.എ.ഇ പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴില്‍ വിസ, വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ തുടങ്ങിയ എല്ലാ വിഭാഗം വിസകളുടെയും കാലാവധി തീര്‍ന്നതിന് ശേഷം അനധികൃതമായി രാജ്യത്ത് തങ്ങിയാല്‍ തടര്‍ന്ന് അനധികൃതമായി താമസിക്കുന്ന ഓരോ ദിവസത്തിനും പിഴയായി 50 ദിര്‍ഹം നല്‍കേണ്ടി വരും. ഇതുവരെ അധികമായി താമസിക്കുന്ന ഓരോ ദിവസത്തിനും 100 ദിര്‍ഹമായിരുന്നു പിഴ നല്‍കേണ്ടിരുന്നത്. വിസയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് താമസിക്കുമ്പോള്‍ ചുമത്തുന്ന പിഴത്തുക ഏകീകരിച്ചതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ വിസ നിയമങ്ങള്‍ യഥാവിധി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഒപ്പം സമയബന്ധിതമായ വിസ പുതുക്കി താമസം നിയമാനുസൃതമാക്കുന്നതിനുമാണ് വിസ ചട്ടങ്ങള്‍ ഉദാരമാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
വിവിധതരം വിസകളുടെ വിതരണം, വിസയുടെ കാലാവധി നീട്ടലും റദ്ദാക്കലും എന്നിവ സംബന്ധിച്ച വിവിധ വിസ അപേക്ഷകള്‍ക്കുള്ള ഫീസ് വിവിധ വെബ്സൈറ്റിലൂടെ അറിയാനാവും. ദുബായ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍ വിശദാംശങ്ങള്‍ ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഔദ്യോഗിക വെബ്സൈറ്റിനു പുറമേ അതോറിറ്റിയുടെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍, ദുബായ് നൗ ആപ്പ്, അംഗീകൃത ടൈപ്പിങ് സെന്ററുകള്‍ എന്നിവയിലൂടെ അപേക്ഷകര്‍ക്ക് ഇപ്പോള്‍ എന്‍ട്രി പെര്‍മിറ്റുകള്‍ക്കും വിസകള്‍ക്കുമുള്ള അപേക്ഷകളും സമര്‍പ്പിക്കാന്‍ സൗകര്യമുണ്ട്. വിസുമായി ബന്ധപ്പെട്ട അഭ്യര്‍ത്ഥന അംഗീകരിക്കപ്പെട്ട് കഴിഞ്ഞാല്‍ അപേക്ഷകര്‍ക്ക് എന്‍ട്രി പെര്‍മിറ്റിനൊപ്പം സ്ഥിരീകരണ സന്ദേശം ലഭിക്കുകയും ചെയ്യും..