സൂപ്പര്‍ താരമായി രാഹുല്‍; ലോക്‌സഭയിലേക്കുള്ള മടക്കയാത്ര ആഘോഷമാക്കി ആരാധകര്‍

Share

ഡല്‍ഹി: അപകീര്‍ത്തി കേസില്‍ സുപ്രീംകോടതി വിധി അനുകൂലമായി വന്നതോടെ രാഹുല്‍ ഗാന്ധി ലോക്സഭയില്‍ തിരികെയെത്തി. കോലാറില്‍ നടത്തിയ മോദി പരാമര്‍ശ പ്രസംഗത്തിന്റെ ഭാഗമായി സൂറത്ത് കോടതി പരമാവധി ശിക്ഷ വിധിച്ചതിനെതുടര്‍ന്നാണ് രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെട്ടത്. തുടര്‍ന്ന് നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ സുപ്രീം കോടതി സൂറത്ത് കോടതി വിധി സ്‌റ്റേ ചെയ്യുകയും രാഹുലിന്റെ അയോഗ്യത നീങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ലോക്‌സഭയിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ മടങ്ങി വരവ്. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ കൈകൂപ്പി തൊഴുതതിന് ശേഷമാണ് രാഹുല്‍ ഗാന്ധി ലോക്സഭയിലേക്ക് പ്രവേശിച്ചത്. ലോക്‌സഭയില്‍ പ്രതിപക്ഷം ശബ്ദാരവത്തോടെയാണ് രാഹുല്‍ ഗാന്ധിയെ വരവേറ്റു. ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ തല്‍ക്കാലത്തേക്ക് പിരിയുകയും ചെയ്തു.

136 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി സഭയില്‍ മടങ്ങിയെത്തിയത്. രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുന:സ്ഥാപിച്ചു കൊണ്ടുള്ള ലോക്സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം രാവിലെ പാര്‍ലമെന്റ് ചേരുന്നതിന് മുമ്പ് പുറത്ത് വന്നിരുന്നു. എന്നാല്‍ രാവിലെ സഭ ചേര്‍ന്ന ഉടന്‍ തന്നെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് 12 മണി വരെ നിര്‍ത്തി വയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് രാഹുലിന്റെ മടങ്ങിവരവ് 12 മണിവരെ നീണ്ടത്. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നടക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയിലും രാഹുല്‍ ഗാന്ധി പങ്കെടുക്കുമെന്നാണ് സൂചന. അവിശ്വാസ പ്രമേയം ചര്‍ച്ചയില്‍ സംസാരിക്കുന്നവരുടെ പട്ടികയില്‍ രാഹുലിനെ ചേര്‍ത്ത് സമര്‍പ്പിക്കുമെന്നാണ് വിവരം. അടിയന്തിര പ്രമേയം അവതരിപ്പിക്കുന്ന ഗൗരവ് ഗോഗോയിക്ക് ശേഷം പ്രതിപക്ഷ നിരയില്‍ നിന്ന് ആദ്യം സംസാരിക്കുക രാഹുല്‍ ഗാന്ധിയായിരിക്കും. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം ഗുണകരമാകുമെന്നാണ് പ്രതിപക്ഷ സഖ്യം വിലയിരുത്തുന്നത്.