ദുബായ് യു.എ.ഇ-യില്‍ പിറക്കുന്ന പ്രവാസികളുടെ കുഞ്ഞുങ്ങള്‍ക്ക് 120 ദിവസങ്ങള്‍ക്കുള്ളില്‍ താമസവിസ എടുത്തിരിക്കണം എന്നാണ് നിയമം. കുഞ്ഞ് ജനിച്ച ദിവസം മുതല്‍ തുടര്‍ന്നുള്ള 120 ദിവസമാണ് സമയ പരിധിയായി കണക്കാക്കുന്നത്. ഈ നിശ്ചിത ദിവസങ്ങള്‍ക്കുള്ളില്‍ വിസ എടുത്തില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരുമെന്നതാണ് ഗൗരവമേറിയ വിഷയം. സ്വകാര്യ മേഖലയിലോ ഫ്രീസോണുകളിലോ ജോലി ചെയ്യുന്നവരുടെ നവജാത ശിശുക്കളുടെ വിസ അപേക്ഷയ്‌ക്കൊപ്പം എമിറേറ്റ്‌സ് ഐഡിക്കും അപേക്ഷിക്കണമെന്നതാണ് മറ്റൊരു നിബന്ധന. കുഞ്ഞുങ്ങള്‍ക്ക് വിസ ലഭിക്കാന്‍ എമിറേറ്റ്‌സ് ഐഡി കാര്‍ഡോ അല്ലെങ്കില്‍ വിസയ്ക്ക് ഫീസ് അടച്ച രസീതോ നല്‍കേണ്ടതാണ്.
സ്‌പോണ്‍സറുടെ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും സാലറി സര്‍ട്ടിഫിക്കറ്റും അപേക്ഷയൊടൊപ്പം വയ്ക്കണം. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിന് പുറമേ കളര്‍ ഫോട്ടോയും മാതാപിതാക്കളുടെ എമിറേറ്റ്‌സ് ഐഡിയും വയ്ക്കണം. കൂടാതെ കെട്ടിട വാടക കരാര്‍, തൊഴില്‍ കരാര്‍, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, മാതാവിന്റെ പാസ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പും വച്ചുവേണം അപേക്ഷിക്കേണ്ടത്. കുട്ടികള്‍ക്ക് താമസ വിസക്കായി 350 ദിര്‍ഹമാണ് അടയ്‌ക്കേണ്ടത്. ഇതില്‍ 100 ദിര്‍ഹംസ് അപേക്ഷയ്ക്കും 100 ദിര്‍ഹംസ് വിസ വിതരണ നിരക്കും 100 ദിര്‍ഹംസ് സ്മാര്‍ട്ട് സേവനങ്ങള്‍ക്കും 50 ദിര്‍ഹംസ് അതോറിറ്റിയുടെ ഇ-സേവനങ്ങള്‍ക്കുമായി നിജപ്പെടുത്തിയിട്ടുണ്ട്.
വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അതോറ്റിയുടെ www.icp.gov.ae വെബ്‌സൈറ്റും UAEICP ആപ്പും ഉപയോഗിക്കാം. ഹാപ്പിനസ് സെന്ററുകളിലൂടെയും അംഗീകൃത ടൈപ്പിംഗ് സെന്ററുകളിലൂടെയും വിസയ്ക്കായി അപേക്ഷിക്കാം. അപേക്ഷിക്കുമ്പോള്‍ സ്‌പോണ്‍സറുടെ വിസ കാലാവധി കഴിയാന്‍ പാടില്ല. കുട്ടിയുടെ വിസ ലഭിക്കാന്‍ വൈകിയതിന് പിഴയുണ്ടെങ്കില്‍ ആദ്യം അത് ഒടുക്കിയതിന് ശേഷമായിരിക്കണം പുതിയ വിസ നടപടികള്‍ ആരംഭിക്കേണ്ടത്. അപേക്ഷയില്‍ തിരുത്തുണ്ടെങ്കിലോ കൂട്ടിച്ചേര്‍ക്കലുകളുണ്ടെങ്കിലോ 30 ദിവസത്തെ സമയത്തിനുള്ളില്‍ ക്രമപ്പെടുത്തി വീണ്ടും സമര്‍പ്പിക്കണം. 30 ദിവസമെന്ന പരിധി കഴിഞ്ഞാല്‍ സമര്‍പ്പിച്ച അപേക്ഷ സ്വാഭാവികമായി റദ്ദാകുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസന്‍ഷിപ്പ് അറിയിച്ചു.