മണിപ്പൂരില്‍ സ്ഥിതിഗതികള്‍ അതിസങ്കീര്‍ണം; ആയുധപ്പുര കയ്യേറി തോക്കുകള്‍ കവര്‍ന്നു

Share

ഇംഫാല്‍: ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്ന മണിപ്പൂരില്‍ സ്ഥിതിഗതികള്‍ അതിസങ്കീര്‍ണതയിലേക്ക് നീങ്ങുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഷ്ണുപൂരില്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയന്റെ ആയുധപ്പുര മെയ്തെയ് വിഭാഗം കയ്യേറിയതായും ആയുധങ്ങള്‍ കവര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. മുന്നൂറിലധികം തോക്കുകള്‍ ജനക്കൂട്ടം കവര്‍ന്നു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കവര്‍ന്നത്  വന്‍ പ്രഹരശേഷിയുള്ള ആയുധങ്ങളെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എകെ 47, ഇന്‍സാസ്, എംപി 3 റൈഫിള്‍സ് തുടങ്ങിയവ ജനക്കൂട്ടം കവര്‍ന്നയില്‍ പെടുന്നു. 15,000 വെടിയുണ്ടകളും കൊള്ളയടിച്ചതായി റിപ്പോര്‍ട്ടുണ്ട്. അരകിലോമീറ്റര്‍ ദൂരം പ്രഹരശേഷിയുള്ള 7.62 എംഎംഎസ് എല്‍ആര്‍ 195 എണ്ണവും 124 ഹാന്‍ഡ് ഗ്രേനേഡുകളും അനവധി ബോംബുകളും ജനക്കൂട്ടം കവര്‍ന്നവയില്‍ പെടുന്നു.

ആയുധങ്ങള്‍ മെയ്തെയ് വിഭാഗത്തിന്റെ കൈവശം എത്തിച്ചേരുന്നുവെന്ന ആശങ്കകള്‍ക്കിടയിലാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആയുധപ്പുര മെയ്തെയ് വിഭാഗം കൊള്ളയടിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.സ്ത്രീകളടക്കം ആഞ്ഞൂറിലേറെ വരുന്ന സംഘമാണ് വാഹനങ്ങളുടെ അകമ്പടിയോടെ പൊലീസ് ക്യാമ്പിലേക്ക് ഇടിച്ചു കയറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം രൂക്ഷമായ മണിപ്പൂരില്‍ മെയ്തെയ് വിഭാഗം ആയുധങ്ങള്‍ സംഭരിക്കുന്നത് സ്ഥിതിഗതികള്‍ സ്ഫോടനാത്മകമാക്കുന്നുണ്ട്. ബിഷ്ണുപൂരിലും ബിജോയ്പൂരിലും ആയിരക്കണക്കിന് വരുന്ന മെയ്തെയ് ജനക്കൂട്ടമാണ് ആക്രമണത്തിന് തയ്യാറായി നില്‍ക്കുന്നത്. ഇംഫാല്‍-മോറെ ഹൈവേയില്‍ മൂവായിരത്തോളം വരുന്ന മെയ്തെയ് സംഘമാണ് ആക്രമണത്തിന് തയ്യാറായി നില്‍ക്കുന്നത്. ബിജോയ്പൂരില്‍ തമ്പടിച്ചിരിക്കുന്ന അക്രമകാരികളെ പിരിച്ചുവിടാന്‍ മണിപ്പൂര്‍ പൊലീസ് അസം റൈഫിള്‍സ് ബ്രിഗേഡിയന്റെ സഹായം തേടിയതായും റിപ്പോര്‍ട്ടുണ്ട്. ഇരുവിഭാഗവും ബങ്കറുകള്‍ കേന്ദ്രീകരിച്ച് ആക്രമണങ്ങള്‍ ശക്തമാക്കുന്നതിനിടയിലാണ് മെയ്തെയ് വിഭാഗം വന്‍ തോതില്‍ ആയുധങ്ങള്‍ സംഭരിച്ചിരിക്കുന്നത്.