ദുബായ്: യു.എ.ഇ-യില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന ഒരു മെഗാ വെബ് സീരിസ് പ്രമുഖ മലയാള ചാനലില്‍ ഉടന്‍ സംപ്രേഷണത്തിനായി തയ്യാറെടുക്കുന്നു. മീഡിയ 7-ന്റെ ബാനറില്‍ മുന്നൂറ് എപ്പിസോഡുകളിലായി പൂര്‍ത്തിയാകുന്ന ‘പാത്തു കണ്ട ദുബായ്’ എന്ന വെബ് സീരിസ് കൈരളി ടിവിയുടെ കൈരളി വീ, കൈരളി അറേബ്യ, കൈരളി വെബ്‌പോര്‍ട്ടല്‍ എന്നിവയിലൂടെയാണ് സംപ്രേഷണം ചെയ്യുന്നത്. 2023 ആഗസ്റ്റ് അവസാനത്തോടെയായിരിക്കും ഈ മെഗാ പരമ്പര നമ്മുടെ സ്വീകരണ മുറികളിലെത്തുക. വെബ് സീരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുബായില്‍ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങില്‍ നടനും ഗായകനും സംവിധായകനുമായ നാദിര്‍ഷ പുറത്തിറക്കി. അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം സാമൂഹ്യ-ജീവകാരുണ്യ മേഖലയിലെ ശ്രദ്ധേയനായ നസീര്‍ വാടാനപ്പള്ളി, മലബാര്‍ ഗോല്‍ഡ് എം.ഡി മുഹമ്മദ് സാലി, പ്രശസ്ത ഗായകന്‍ ആദില്‍ അത്തു, സോഷ്യല്‍ ഇന്‍ഫ്‌ളൂയിന്‍സര്‍ ബന്‍സീര്‍, മാധ്യമ പ്രവര്‍ത്തകന്‍ മുനീര്‍ പാണ്ട്യാല, ഷഫീര്‍ കണ്ണൂര്‍ തുടങ്ങിയവര്‍ ആശംകള്‍ നേര്‍ന്നു.
പോറ്റമ്മയായ യു.എ.ഇ-യുടെ മണ്ണില്‍ നിന്നുകൊണ്ട് പ്രവാസി മലയാളിയുടെ പച്ചയായ ജീവിതം നര്‍മ്മത്തില്‍ ചാലിച്ച് വളരെ ഹൃദ്യമായി പറഞ്ഞുപോകുന്ന വെബ് സീരിസാണ് ‘പാത്തു കണ്ട ദുബായ്’ എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ദുബായിലും ഷാർജയിലുമായി പരമ്പരയുടെ ചിത്രീകരണം പുരോഗമിച്ചു വരുകയാണ്. പ്രമുഖ സിനിമ-സീരിയല്‍ സംവിധായകന്‍ ദിലീപ് പൊന്നനാണ് വെബ് സീരിസിന്റെ സംവിധാനവും ഒപ്പം കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. പ്രമുഖ നടന്‍ സാഹില്‍ ഹാരിസ്, സീരിയല്‍ നടി ലക്ഷ്മി, പ്രമുഖ സിനിമ-നാടക നടി സേതുലക്ഷ്മി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ നിസാം കാലിക്കറ്റും പരമ്പരയിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. യു.എ.ഇ-യിലെ മാധ്യമ മേഖലയിൽ അടക്കം പ്രവർത്തിക്കുന്ന നിരവധി മലയാളി കലാകാരന്‍മാര്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ വെബ് സീരിസിന്റെ ഭാഗമാകുന്നുണ്ട്. ഛായാഗ്രാഹകന്‍ മധു ആണ് ഡി.ഒ.പി. അസോസിയേറ്റ് ക്യാമറമാന്‍ ആദി. പ്രാഡക്ഷന്‍ കണ്‍ട്രോളര്‍ ശ്രീജിത്ത്. മീഡിയ 7-ന്റെ ബാനറില്‍ സിന്ധു & സ്വരൂപ് ആണ് ‘പാത്തു കണ്ട ദുബായ്’ മെഗാ വെബ്‌സീരീസ് നിര്‍മ്മിക്കുന്നത്.