യു.എ.ഇ-യില്‍ ചൂട് കനക്കുന്നു; ജാഗ്രത വേണമെന്ന് അധികൃതര്‍

Share

ദുബായ്: യുഎഇ-യില്‍ താപനില ഗണ്യമായി ഉയരുന്നതില്‍ ആശങ്ക. അബുദബിയിലെ അല്‍ ദഫ്‌റ മേഖലയില്‍ കഴിഞ്ഞ ദിവസം ഉയര്‍ന്ന താപനില രേഖപ്പെടുത്തി. റിപ്പോര്‍ട്ടുകള്‍ പ്രകാരം 50.2 ഡിഗ്രി സെല്‍ഷ്യസാണ് അല്‍ ദഫ്‌റ പ്രദേശത്ത് രേഖപ്പെടുത്തിയത്. 2023-ല്‍ ഇത് രണ്ടാം തവണയാണ് ഇത്രയും ഉയര്‍ന്ന താപനില അനുഭവപ്പെടുന്നത്. കുറച്ചു ദിവസങ്ങളായി ശരാശരി 49-50 സെല്‍ഷ്യസ് താപനിലയാണ് രാജ്യത്ത് അനുഭപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ഉച്ചസമയങ്ങളില്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും രാജ്യത്ത് താപനില 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന സൂചന. അബുദാബിയില്‍ 45 ഡിഗ്രി സെല്‍ഷ്യസിലേക്കും ദുബായില്‍ 44 ഡിഗ്രി സെല്‍ഷ്യസിലേക്കും മെര്‍ക്കുറി ഉയരുമെന്നാണ് പ്രവചനം. കഴിഞ്ഞ വര്‍ഷവും അബുദബിയുടെ പടിഞ്ഞാറന്‍ പ്രദേശമായ അല്‍ ദഫ്റയില്‍ താപനില 49 ഡിഗ്രി സെല്‍ഷ്യസ് കടന്നിരുന്നു.

ഈ സാഹചര്യത്തിൽ  ശരീരത്തില്‍ നിര്‍ജലീകരണം ഒഴിവാക്കണമെന്നും സൂരാഘാതമുണ്ടാകാതിരിക്കാന്‍ ശ്രദ്ധവേണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവര്‍ സണ്‍സ്‌ക്രീനും സണ്‍ഗ്ലാസും ഉപയോഗിക്കണമെന്നും അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഈ കാലാവസ്ഥയില്‍ നല്ലതെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. ഉച്ചയ്ക്ക് 12.30 മുതല്‍ 3 മണി വരെ തുറസായ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നത് നിയമംമൂലം തടഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായ 19-ാം വര്‍ഷവും പിന്തുടരുന്ന നിയമം പാലിക്കാത്ത തൊഴിലുടമകള്‍ക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പുണ്ട്. ഓരോ തൊഴിലാളിക്കും 5,000 ദിര്‍ഹം പിഴ തൊഴിലുടമ നല്‍കേണ്ടി വരും..യു.എ.ഇ എന്നതുപോലെ തന്നെ ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ശക്തമായ ചൂട് അനുഭവപ്പെടുകയാണ്.