തിരുവനന്തപുരം: കേരള പൊതുമരാമത്ത് വകുപ്പിലും ടൂറിസം വകുപ്പിലും നൂതനമായ പല ആശയങ്ങളും ദീര്‍ഘവീക്ഷണത്തോടെ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന മന്ത്രിയാണ് മുഹമ്മദ് റിയാസ്. റസ്റ്റ് ഹൗസുകളുടെ നവീകരണം, കാരവന്‍ ടൂറിസം അടക്കം നിരവധി മാതൃകകള്‍ റിയാസിന്റേതായുണ്ട്. ഇപ്പോഴിതാ മന്ത്രിയുടെ ഭാവനയില്‍ സംസ്ഥാനത്തെ പാലങ്ങള്‍ കേന്ദ്രീകരിച്ച് വന്‍ ടൂറിസം പദ്ധതി ആവിഷ്‌കരിച്ചിരിക്കുയാണ്. ഇതിന്റെ ഭാഗമായി പൊതുമരാമത്ത്-ടൂറിസം വകുപ്പുകള്‍ സംയുക്തമായി ഡിസൈന്‍ രൂപകല്‍പന ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. പാലങ്ങള്‍ക്ക് അടിയിലുള്ള സ്ഥലം ഉപയോഗപ്രദമാക്കിയാണ് ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത്. ഇവിടങ്ങളില്‍ ഓപ്പണ്‍ ജിമ്മും ബാഡ്മിന്റണ്‍ കോര്‍ട്ടുകളും സ്ഥാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാന തലത്തില്‍ പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത് കൊല്ലത്തും നെടുമ്പാശേരിയിലുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം ഒരു ടൂറിസ്റ്റ് സ്റ്റേറ്റ് ആയി മാറണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മന്ത്രി റിയാസ് വ്യക്തമാക്കി.