നിങ്ങള്‍ യു.എ.ഇ ഗോള്‍ഡന്‍ വിസ ആഗ്രഹിക്കുന്നവരാണോ? വിശദാംശങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ..

Share

ദുബായ്: യു.എ.ഇ-യില്‍ ഗോള്‍ഡന്‍ വിസ ലഭിക്കുക എന്നത് ഏതൊരു പ്രവാസിയുടെയും സ്വപ്‌നമാണ്. പക്ഷേ സാധാരണ ഒരു തൊഴില്‍ വിസ സംഘടിപ്പിക്കുന്നതുപോലെ എളുപ്പത്തില്‍ ഗോള്‍ഡന്‍ വിസ നേടാന്‍ കഴിയില്ല എന്നതാണ് സത്യം. എങ്കിലും ചില നിബന്ധനകള്‍ പാലിച്ചാല്‍ യു.എ.ഇ-യില്‍ ഗോള്‍ഡന്‍ വിസ സ്വന്തമാക്കാം. ഗോള്‍ഡന്‍ വിസ ഭേദഗതികളില്‍ ഒടുവിലായി പുറത്തുവരുന്ന നിബന്ധനകള്‍ പ്രകാരം പ്രതിമാസം 30,000 ദിര്‍ഹം ശമ്പളമുണ്ടെങ്കില്‍ യുഎഇ ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ ഒരാള്‍ക്ക് അര്‍ഹതയുണ്ട്. 10 വര്‍ഷത്തെ റെസിഡന്‍സി പെര്‍മിറ്റിന് അപേക്ഷിക്കുന്നതിന് മുമ്പ് ഒരു വ്യക്തി മറ്റ് അഞ്ച് കാര്യങ്ങള്‍ കൂടി നിറവേറ്റേണ്ടതുണ്ടെന്ന് നിയമവിദഗ്ധര്‍ വിശദീകരിക്കുന്നു. യു.എ.ഇ-യിലേക്കുള്ള പ്രവാസികളുടെ വരവും താമസവും സംബന്ധിച്ച് 2022-ലെ മന്ത്രിസഭ പാസാക്കിയ പ്രമേയത്തിലെ നമ്പര്‍ 65 പ്രകാരമുള്ള വ്യവസ്ഥകള്‍ ബാധകമാണ്. യുഎഇ മാനവ വിഭവ-എമിററ്റൈസേഷന്‍ മന്ത്രാലയം അംഗീകരിച്ച തൊഴില്‍ ചെയ്യുന്ന ഒരു പ്രവാസിക്ക് കുറഞ്ഞത് 30,000 ദിര്‍ഹം മാസ ശമ്പളം ഉണ്ടെങ്കില്‍ രാജ്യത്തെ ഗോള്‍ഡന്‍ വിസ ലഭിക്കും.

രാജ്യത്തെ തൊഴില്‍ നിയമപ്രകാരമുള്ള വര്‍ക്ക് പെര്‍മിറ്റ് ഉണ്ടായിരിക്കണമെന്നതാണ് മറ്റൊരു നിബന്ധന. അതേസമയം മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച ഒന്ന്, രണ്ട് കാറ്റഗറിയിലെ പ്രൊഫഷണല്‍ വിഭാഗത്തില്‍പെട്ട വിദഗ്ധ തൊഴിലാളിയായിരിക്കണം. മാത്രമല്ല അടിസ്ഥാന യോഗ്യതയി നിശ്ചയിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്. പ്രൊഫഷണല്‍ വിഭാഗത്തില്‍പെട്ട ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, അധ്യാപകന്‍ മറ്റ് തൊഴിലുകള്‍ എന്നിവയില്‍ പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്‍സ് ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമാണ്. ഈ നിബന്ധന പാലിക്കുന്നവര്‍ക്ക് മാത്രമേ ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ. ഗോള്‍ഡന്‍ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കും അവരുടെ യു.എ.ഇ-യിലെ കുടുംബാംഗങ്ങള്‍ക്കും ഫുള്‍ കവറേജുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണം എന്നതു നിര്‍ബന്ധമാണ്. നിഷ്‌കര്‍ഷിച്ചിരിക്കുന്ന യോഗ്യതകള്‍ തെളിയിക്കുന്ന രേഖകള്‍ സഹിതം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പാസ്പോര്‍ട്ടിന്റെയും എമിറേറ്റ്സ് ഐഡിയുടെയും കോപ്പി, ശമ്പള സര്‍ട്ടിഫിക്കറ്റ്, ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, തൊഴില്‍ കരാര്‍, തൊഴിലുടമയില്‍ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം (NOC), വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവയോടൊപ്പമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇങ്ങനെ സമര്‍പ്പിക്കുന്ന രേഖള്‍ അവരവരുടെ രാജ്യത്തെ നോട്ടറി സാക്ഷ്യപ്പെടുത്തണം.

എന്നാല്‍ മറ്റൊരു രാജ്യത്തുനിന്നാണ് വിദ്യാഭ്യാസ യോഗ്യത നേടിയതെങ്കില്‍ ആ രാജ്യത്ത് നിന്നാണ് സാക്ഷ്യപ്പെടുത്തേണ്ടത്. ഇതിനുശേഷം യുഎഇ വിദേശകാര്യ മന്ത്രാലയം സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തണം. ഇങ്ങനെ നിയമാനുസൃതം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ സഹിതം ജിഡിആര്‍എഫ്എയുടെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാന്‍ ജിഡിആര്‍എഫ്എ-യുടെ അംഗീകൃത ടൈപ്പിംഗ് സെന്ററുകളെയും ആശ്രയിക്കാം. ദുബായ് വിസയിലുള്ളവരാണ് ജിഡിആര്‍എഫ്എ-യില്‍ അപേക്ഷിക്കേണ്ടത് മറ്റ് എമിറേറ്റിലെ വിസക്കാര്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി & സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് & പോര്‍ട്ട് സെക്യൂരിറ്റി എന്നിവ മുഖേനയോ അല്ലെങ്കില്‍ ഐസിഎ അംഗീകൃത ടൈപ്പിംഗ് സെന്ററുകളിലൂടെയോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ സൂക്ഷമമായി നിരീക്ഷിച്ച് ഗോള്‍ഡന്‍ വിസ നല്‍കണോ നിഷേധിക്കണോ എന്ന അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം അധികൃതരില്‍ നിക്ഷിപ്തമായിരിക്കും.