ആദ്യത്തെ വനിത ഹ്യൂമനോയിഡ് റോബോട്ടിക്കിനെ പരിചയപ്പെടുത്തി സൗദി

Share

റിയാദ്: രാഷ്ട്രീയത്തെക്കുറിച്ചോ, സെക്സിനെക്കുറിച്ചോ സംസാരിക്കാതിരിക്കാന്‍ പ്രത്യേകം പരിശീലനം നേടിയ ആദ്യത്തെ വനിതാ ഹ്യൂമനോയിഡ് റോബോട്ടായ ‘സാറ’ സൗദി അറേബ്യ പുറത്തിറക്കി. നിര്‍മിതബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റോബോട്ടിന് താന്‍ 25 വയസ്സുള്ള സൗദി പെണ്‍കുട്ടിയാണെന്ന് കൃത്യമായി അറിയാമെന്ന് നിര്‍മാണ കമ്പനി വ്യക്തമാക്കി. റിയാദ് ആസ്ഥാനമായുള്ള ക്യുഎസ്എസ് എഐ ആന്‍ഡ് റോബോട്ട് കമ്പനിയാണ് ഹ്യൂമനോയിഡ് വനിതാ റോബോട്ടിനെ നിർമിച്ചിരിക്കുന്നത്. ഒരു പെണ്‍കുട്ടിയാണെന്നും 25 വയസ്സ് പ്രായമുണ്ടെന്നും സൗദി വസ്ത്രമാണ് ധരിക്കുന്നതെന്നും സാറയ്ക്ക് അറിയാമെന്ന് കമ്പനി സിഇഒ എലീ മെട്രി പറഞ്ഞു. സാറയുടെ ഡിസൈന്‍ സൗദി അറേബ്യയുടെ പരമ്പരാഗത മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. മാത്രമല്ല അറബിയിലും ഇംഗ്ലീഷിലും ആളുകളുമായി സംഭാഷണങ്ങളില്‍ ഏര്‍പ്പെടാന്‍ സാറയ്ക്ക് കഴിയുമെന്നതാണ് മറ്റൊരു പ്രത്യേഗത. ഭാഷാഭേദങ്ങള്‍ തിരിച്ചറിയാനും ഭാഷാശൈലികള്‍ വിശകലനം ചെയ്യാനും ടെക്സ്റ്റ് വഴി ഉചിതമായ പ്രതികരണങ്ങള്‍ നല്‍കാനും ഈ ഹ്യൂമനോയിഡ് റോബോട്ടിന് സാധിക്കും. മുന്‍കൂട്ടി പരിശീലിപ്പിച്ച മോഡല്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയുടെയും സൗദിയുടെ സാംസ്‌കാരിക പ്രാധാന്യത്തിന്റെയും സമന്വയം എന്നാണ് ‘സാറ’യെ ക്യുഎസ്എസ് വെബ്സൈറ്റില്‍ വിശേഷിപ്പിച്ചിട്ടുള്ളത്.