മലപ്പുറം താനൂരിൽ ബോട്ടപകടമന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ തിരൂരില്‍ സിറ്റിംഗ് നടത്തി

Share

മലപ്പുറം: മലപ്പുറത്ത് ഇരുപത്തിരണ്ട്‌പേരുടെ ജീവനെടുത്ത താനൂര്‍ ബോട്ടപകടമന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ തിരൂരില്‍ സിറ്റിംഗ് നടത്തി. ജുഡീഷ്യല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് വി കെ മോഹനന്‍, കമ്മീഷന്‍ അംഗങ്ങളായ എസ് സുരേഷ് കുമാര്‍, ഡോക്ടര്‍ എപി നാരായണന്‍ എന്നിവരാണ് പരാതികളില്‍ തെളിവുകള്‍ സ്വീകരിച്ചത്. ബോട്ടപകടത്തെ തുടര്‍ന്ന് താനൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ 12 പ്രതികളില്‍ 11 പേരും കമ്മീഷന്‍ മുമ്പാകെയെത്തി. മൂന്നാം പ്രതി വാഹിദ് വിദേശത്തായതിനാല്‍ വിദേശകാര്യമന്ത്രാലയം മുഖേന ഇയാള്‍ക്ക് നോട്ടീസ് അയക്കും. അപകടത്തില്‍ പരിക്കേറ്റവരും സിറ്റിങ്ങിനെത്തിയിരുന്നു. അടിയന്തര ചികിത്സാസഹായം ലഭ്യമാക്കണമെന്നാണ് ആവശ്യം. നിലവിൽ ബോട്ടപകടത്തിൽ മരിച്ചവരുടെ കുട്ടികൾക്ക് സഹായമേകുന്ന ചികിത്സാസഹായം ലഭിച്ചില്ലെന്ന പരാതിയിൽ കുടുംബാംഗങ്ങൾ ജുഡീഷ്യല്‍ കമ്മീഷനുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ത്നത്തിലാണ് ഉടൻ നടപടി എടുത്തത്.
ദുരന്തത്തില്‍ മരിച്ച 22 പേരുടെയും കുടുംബത്തിലെ അനന്തരാവകാശികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിരുന്നു. പരിക്കേറ്റവരുടെ ചികിത്സാച്ചെലവ്, രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്കായി 25 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇതുകൂടാതെ പരിക്കേറ്റവരുടെ തുടര്‍ ചികിത്സാ ചെലവ് വഹിക്കാനും മന്ത്രിസഭായോഗം തീരുമാനിചിരുന്നു..