സൗദി അറേബ്യയുടെ സ്വപ്‌ന പദ്ധതിയിൽ ഒന്നായ നിയോം ആഢംബര ദ്വീപ് തുറന്നു

Share

നിയോം: സൗദി അറേബ്യയുടെ വിനോദസഞ്ചാര രംഗത്തെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായ നിയോമിലെ ആദ്യ ആഢംബര ദ്വീപ് സന്ദര്‍ശകര്‍ക്കായി തുറന്നു. വിനോദസഞ്ചാര കേന്ദ്രമായി അതിവേഗം വളരുമെന്ന് പ്രതീക്ഷിക്കുന്ന നിയോണ്‍ സിറ്റിയിലെ ആദ്യത്തെ ആഢംബര ദ്വീപായ സിന്ദാലയാണ് ടൂറിസ്റ്റുകള്‍ക്കായി തുറന്നുകൊടുത്തിരിക്കുന്നത്.
സൗദി വിഷന്‍ 2030ന്റെ ഭാഗമായുള്ള പദ്ധതികളില്‍ ഒന്നാണിത്. ബീച്ച് ഫ്രണ്ട് ഗോള്‍ഫ് ക്ലബ്, താമസത്തിനായുള്ള 440 മുറികള്‍, 88 വില്ലകള്‍, 218 ആഢംബര സര്‍വീസ് അപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള വിപുലമായ താമസസൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വെള്ളത്തിനടിയിലെ അത്ഭുതങ്ങള്‍ ആസ്വദിക്കാനുള്ള അവസരം സിന്ദാല സഞ്ചാരികള്‍ക്ക് നല്‍കും. തന്ത്രപ്രധാനമായ സ്ഥാനവും വര്‍ഷം മുഴുവനും സുഖകരമായ കാലാവസ്ഥയുമാണ് സിന്ദാലയുടെ മുഖ്യ ആകര്‍ഷണം.
നാലു വര്‍ഷംകൊണ്ട് ദിനേന 2,400 സന്ദര്‍ശകരെ സിന്ദാലയിലേക്ക് ആകര്‍ഷിക്കാനാണ് സഊദിയുടെ പദ്ധതി. 2022 ഡിസംബറില്‍ സഊദി കിരീടാവകാശിയും നിയോം ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ആദ്യമായി പ്രഖ്യാപിച്ച സിന്ദാലയുടെ ഉദ്ഘാടനം നിയോമിന്റെ വികസന വഴിയിലെ നാഴികകല്ലാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദ്വീപിന് ചുറ്റുമുള്ള ജലാശയങ്ങളില്‍ 1,100 ഇനം മത്സ്യങ്ങള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവയില്‍ 45 എണ്ണം നിയോമില്‍ മാത്രം കാണപ്പെടുന്നതാണ്. കൂടാതെ 300ലധികം പവിഴ സ്പീഷീസുകളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 3,500ഓളം തൊഴിലവസരങ്ങള്‍ ഇതിലൂടെ സൃഷ്ടിക്കാനാവുമെന്നാണ് കരുതുന്നതെന്ന് നിയോം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നദ്മി അല്‍-നസ്ര്‍ പറഞ്ഞു.