ചരിത്ര റെക്കോഡില്‍ സ്വര്‍ണ വില. ആദ്യമായി പവന്റെ വില 59,000 രൂപയിലെത്തി. 480 രൂപയാണ് ചൊവാഴ്ച കൂടിയത്. ഒരുഗ്രാം സ്വര്‍ണത്തിന്റെ വില 7,375 രൂപയുമായി. ദീപാവലി അടുത്തതോടെ സ്വര്‍ണത്തിന് ഡിമാന്റ് കൂടാനാണ് സാധ്യത. അന്താരാഷ്ട്ര വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 78,800 രൂപയാണ്. ഡോളറിന്റെ മൂല്യ വര്‍ധനവാണ് ഇപ്പോഴത്തെ വില വര്‍ധനവിന്റെ പ്രധാന കാരണം. ആഭ്യന്തര വിപണിയില്‍ വരുംദിവസങ്ങളില്‍ അതിന്റെ പ്രതിഫലനം ഉണ്ടാകും.
പവന് 59,000 കടന്നും മുന്നേറുമെന്ന് തോന്നിയ സാഹചര്യത്തിലാണ് കഴിഞ്ഞദിവസം സ്വര്‍ണവില താഴേക്ക് പോയത്. ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു സ്വര്‍ണവില. ഒക്ടോബര്‍ പത്തിന് 56,200 രൂപയായി താഴ്ന്നിരുന്നു. ഈ നിരക്കായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന വില.
യുഎസ് ഫെഡ് പലിശ കുറച്ചാല്‍ അത് യുഎസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളെ ബാധിക്കും. പലിശ കുറയുന്നതിന് ആനുപാതികമായി ബോണ്ടില്‍ നിന്നുള്ള ആദായനിരക്കും കുറയും. ഡോളറും ദുര്‍ബലമാകും. ഇത് ഫലത്തില്‍, സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാന്‍ വഴിവയ്ക്കും. അതിനാൽ സ്വര്‍ണ വിലയും വര്‍ധിക്കും.
മാത്രമല്ല നമ്മുടെ റിസര്‍വ് ബാങ്കുള്‍പ്പെടെയുള്ള നിരവധി കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങി കൂട്ടി കരുതല്‍ ശേഖരം ഉയര്‍ത്തുന്നതും വില വര്‍ധനയ്ക്ക് കാരണമാകും.