പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Share

തലശ്ശേരി: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം നേതാവും മുന്‍ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റുമായ പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് ഹരജി പരിഗണിച്ചത്. ഒക്ടോബർ 15നാണ് എ.ഡി.എം നവീൻ ബാബു പള്ളിക്കുന്നിലെ ക്വാ​ർട്ടേഴ്സിൽ ജീവനൊടുക്കിയത്. തലേന്ന് കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ മനംനൊന്താണ് ഇദ്ദേഹം ജീവനൊടുക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആത്മഹത്യ പ്രേരണ വകുപ്പ് ചുമത്തിയതിനെ തുടർന്ന് പി.പി. ദിവ്യ ഒളിവിലാണ്. ആത്മഹത്യ പ്രേരണ കേസ് ചുമത്തിയതിനെ തുടർന്ന് ഇവരെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സി.പി.എം നീക്കിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ പാർട്ടിതല നടപടിക്കും സാധ്യതയുണ്ട്. നിലവിൽ സി.പി.എം ജില്ല കമ്മിറ്റിയംഗമാണ് ദിവ്യ. ദിവ്യയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യണമെന്നും അവർ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. യാത്രയയപ്പ് ചടങ്ങിലെ പ്രസംഗവും ദൃശ്യങ്ങളും പ്രചരിപ്പിച്ചത് ആസൂത്രിതമാണ്. എ.ഡി.എമ്മിനെ അപമാനിക്കുകയായിരുന്നു ലക്ഷ്യം. നവീൻ ബാബുവിന്‍റെ മരണ കാരണം ദിവ്യയുടെ വ്യക്തിഹത്യയാണ്. ചിത്രീകരിച്ച ദൃശ്യങ്ങൾ ചോദിച്ചു വാങ്ങി. പ്രസംഗം റെക്കോഡ് ചെയ്തത് ആസൂത്രിതമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.