കുവൈറ്റ് സിറ്റി: കുവൈറ്റിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സായാഹന ജോലി സമ്പ്രദായം ഏര്‍പ്പെടുത്തുന്നതിനുള്ള എക്‌സിക്യൂട്ടീവ് നിയമങ്ങള്‍ പ്രഖ്യാപിച്ച് കുവൈറ്റ് ഭരണകൂടം. അടുത്ത വര്‍ഷം ജനുവരി മുതലാണ് ചില സര്‍ക്കാര്‍ ഏജന്‍സികളില്‍ രാവിലത്തെ ഷിഫ്റ്റിനു പുറമെ, വൈകുന്നേരം കൂടി ഓഫീസുകള്‍ പ്രവര്‍ത്തിക്കുക. 2025 ജനുവരി 5 മുതല്‍ പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുമെന്ന് കുവൈറ്റിന്റെ സംസ്ഥാന തൊഴില്‍ ഏജന്‍സിയായ സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചു.അതനുസരിച്ച്, സായാഹ്ന ഷിഫ്റ്റിലെ ജീവനക്കാരന്റെ ജോലി കാലയളവ് ഏഴ് മാസത്തില്‍ കുറവായിരിക്കരുത് എന്നതാണ് നിര്‍ദ്ദേശങ്ങളിലൊന്ന്. അതായത് ഒരാള്‍ സായാഹ്ന ഷിഫ്റ്റിലേക്ക് മാറുന്നുവെങ്കില്‍ ചുരുങ്ങിയത് ഏഴ് മാസം ആ ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ സന്നദ്ധനായിരിക്കണം. ബന്ധപ്പെട്ട ഏജന്‍സിയുടെ അംഗീകാരത്തോടെയല്ലാതെ ഈ കാലയളവ് അവസാനിക്കുന്നതിന് മുമ്പ് അത്തരമൊരു ജീവനക്കാരന് പ്രഭാത ഷിഫ്റ്റിലേക്ക് മടങ്ങാന്‍ കഴിയില്ല.സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി സമ്മര്‍ദ്ദം കുറയ്ക്കാനും ഇഷ്ടപ്പെട്ട സമയത്ത് ജോലി ചെയ്യാനുള്ള അവസരമൊരുക്കാനുമാണ് പുതിയ രീതി പരീക്ഷിക്കുന്നതിലൂടെ അധികൃതര്‍ ഉദ്ദേശിക്കുന്നത്. ഇത് ജീവനക്കാരുടെയും സ്ഥാപനങ്ങളുടെയും ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. എന്നു മാത്രമല്ല, രാവിലെ മറ്റ് തെരക്കുകളുള്ള പൊതുജനങ്ങള്‍ക്ക് വൈകുന്നേരങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളിലെത്താനും സേവനങ്ങള്‍ ലഭ്യമാക്കാനും ഇതുവഴി സാധിക്കും. ഇതിനെല്ലാം പുറമെ, രാവിലത്തെ ഓഫീസ് ജീവനക്കാരുടെയും ഓഫീസിലേക്ക് പോകുന്ന പൊതുജനങ്ങളുടെയും എണ്ണം വലിയ തോതില്‍ കുറയുമെന്നതിനാല്‍ റോഡിലെ വാഹനങ്ങളുടെ എണ്ണവും ആനുപാതികമായി കുറയുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍. ഇത് നഗരത്തിലെ ഗതാഗതക്കുരുക്കിന് വലിയ അളവില്‍ ആശ്വാസമാവും. ഈ മാസം ആദ്യത്തിലാണ് സാധാരണ പ്രഭാത ഷിഫ്റ്റിനൊപ്പം സായാഹ്ന ഷിഫ്റ്റ് കൂടി നടപ്പിലാക്കുന്ന കാര്യത്തില്‍ മുന്നോട്ട് പോകുന്നതിന് കുവൈറ്റ് സര്‍ക്കാര്‍ സിവില്‍ സര്‍വീസ് കമ്മീഷനെ ചുമതലപ്പെടുത്തിയിത്. മന്ത്രിസഭാ യോഗത്തില്‍ കമ്മീഷന്‍ മേധാവി ഇസ്സാം അല്‍ റുബയ്യാന്‍ അവതരിപ്പിച്ച പദ്ധതിക്ക് കാബനിറ്റ് യോഗം അംഗീകാരം നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതേത്തുടര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളുമായി അധികൃതര്‍ മുന്നോട്ടുവന്നിരിക്കുന്നത്.