ദില്ലിയില്‍ വായുമലിനീകരണം രൂക്ഷമായതോടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. പുറംജോലികള്‍ പരമാവധി കുറയ്ക്കണമെന്നാണ് പ്രധാന നിര്‍ദേശം. അതേസമയം വിഷപ്പത നുരഞ്ഞുപൊന്തിയ യമുനാ നദിയില്‍ ആം ആദ്മിക്കെതിരെ പ്രതിഷേധിക്കാനിറങ്ങിയ ബിജെപി സംസ്ഥാന അധ്യക്ഷനെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദില്ലിയില്‍ വായുമലിനീകരണം അതിരൂക്ഷമായതതോടെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പുമായി രംഗത്തെത്തിയത്. വായുഗുണനിലവാര സൂചിക അപകടനിലക്കു മുകളില്‍ തുടരുന്നത് ജനങ്ങളില്‍ ആശങ്ക തുടരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. പൊതുജന ബോധവല്‍ക്കരണവും ആരോഗ്യ സേവനങ്ങളും ഊര്‍ജിതമാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ ,ആരോഗ്യപ്രശ്നമുള്ളവര്‍, പുറം പണിയെടുക്കുന്ന തൊഴിലാളികള്‍. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ജാഗ്രത പുലര്‍ത്തണം. ഉത്സവ സീസണുകള്‍ പരിഗണിച്ച് സംസ്ഥാനങ്ങള്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തണം. ശ്വാസകോശ – ഹൃദയ സംബന്ധരോഗങ്ങളുള്ളവര്‍ മലിനമായ വായുവുമായി ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നത് മരണനിരക്ക് വര്‍ദ്ധിപ്പിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.