പൊതുമേഖല ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന് (ബിഎസ്എന്‍എല്‍) കണക്ടിങ് ഇന്ത്യ എന്നതിന് പകരം പുതിയ ലോഗോ. ലോഗോയില്‍ കണക്ടിങ് ഇന്ത്യ എന്നുള്ളത് കണക്ടിങ് ഭാരത് എന്നാക്കി മാറ്റി കേന്ദ്ര സർക്കാർ.
കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്‍ഹയാണ് ഡല്‍ഹിയിലെ ബിഎസ്എന്‍എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പുതിയ ലോഗോ പ്രകാശനം ചെയ്തത്. പഴയ ലോഗോയിലെ നിറങ്ങളും മാറിയിട്ടുണ്ട്. നീലയും ചുവപ്പും നിറങ്ങള്‍ മാറ്റി ഓറഞ്ച് നിറമാണ് നല്‍കിയത്. ലോഗോയില്‍ ഇന്ത്യയുടെ ഭൂപടവും പുതുതായി ഉള്‍പ്പെടുത്തി. ഇത് കൂടാതെ മറ്റു ഏഴ് സേവനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പാം ബ്ലോക്കിങ്, വൈഫൈ റോമിങ് സര്‍വീസ്ഫൈ, ബര്‍ അധിഷ്ഠിത ഇന്‍ട്രാനെറ്റ് ടിവി, സിം എടിഎം, ഡി2ഡി സര്‍വീസ്, ദുരന്തമേഖലയിലെ സേവനം, സി-ഡാകുമായുള്ള പങ്കാളിത്തം എന്നിവയാണ് മറ്റുള്ളവ.
സുരക്ഷിതമായി വിശ്വസനീയമായി താങ്ങാനാവുന്ന ചെലവില്‍ ഭാരതത്തെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ പ്രതിഫലനമാണ് ലോഗോ എന്ന് ബിഎസ്എന്‍എല്‍ വ്യക്തമാക്കി. എന്നാല്‍ ലോഗോ മാറ്റിയതിന് പിന്നാലെ വലിയ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. പഴയ ലോഗോയിലെ നിറം മാറ്റിയതിനെതിരെയും വിമര്‍ശനങ്ങളാണ് ഉയരുന്നത്.