കേരളത്തിലെ എല്ലാ തീരദേശമേഖലയിൽ റെഡ് അലേർട്ട്; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Share

കേരളത്തിലെ എല്ലാ ജില്ലകളിലെ തീരദേശമേഖലയിൽ ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തിലെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത. കേരള തീരത്ത് 1.0 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും (INCOIS) മുന്നറിയിപ്പ് നല്‍കി. തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. മലപ്പുറം ജില്ലയിൽ കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെയുള്ള പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.
തമിഴ്നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി തീരങ്ങളിലും, ലക്ഷദ്വീപ്, മാഹി, കര്‍ണാടക തീരങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും പാലിക്കണമെന്ന മുന്നറിയിപ്പുണ്ട്.