തിരുവനന്തപുരം: നേമം കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റം നിലവിൽ വന്നു. കൊച്ചു വേളി ഇനി മുതൽ തിരുവനന്തപുരം നോർത്തും നേമം തിരുവനന്തപുരം സൗത്തും എന്നുമാണ് അറിയപ്പെടുക. ഈ രണ്ട് സ്റ്റേഷനുകളും ഇനി മുതൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ സാറ്റ്‌ലൈറ്റ് ടെർമിനലുകളായി മാറും.
തിരുവനന്തപുരം സെൻട്രലിൽ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിനുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ പതിനഞ്ചോളം ട്രെയിനുകൾ നിലവിൽ കൊച്ചുവേളിയിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്. ഇതിൽ ഭൂരിപക്ഷവും ദീർഘദൂര ട്രെയിനുകളാണ്. കൊച്ചുവേളി എന്ന പേര് സംസ്ഥാനത്തിന് പുറത്തുള്ളവർക്ക് സുപരിചിതമല്ല. തിരുവനന്തപുരം സെൻട്രലിലേക്ക് റിസർവേഷൻ ലഭിക്കാത്തവർ യാത്ര വേണ്ടെന്ന് വെക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതോടെയാണ് പേര് മാറ്റത്തിന് തയ്യാറെടുത്തത്. നേമം ടെർമിനൽ വികസനത്തിനും പേര് മാറ്റം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.